വിമാനങ്ങളുടെ സുരക്ഷ വർധിപ്പിക്കും: ഡിജിസിഎ
Sunday, September 7, 2025 1:36 AM IST
ന്യൂഡൽഹി: വിമാനയാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).
പൈലറ്റുമാരുടെ ജോലി സമയം ക്രമീകരിക്കുന്നതിലൂടെ ദീർഘനേരത്തേക്കുള്ള ജോലി, ഉറക്കക്കുറവ്, ക്ഷീണം എന്നിവ ഒഴിവാക്കി യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനാണ് ഡിജിസിഎ വിമാനക്കന്പനികൾക്കു നൽകിയ നിർദേശം.
ജോലിഭാരം നിമിത്തമുണ്ടാകുന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾ മറികടക്കുന്നതിലൂടെ ക്രൂ അംഗങ്ങളുടെ ജാഗ്രത വർധിപ്പിച്ച് വിമാനം സുരക്ഷിതമാകുന്നതിന് സഹായിക്കുമെന്നാണ് ഡിജിസിഎ വ്യക്തമാക്കുന്നത്. ഇതിനായി ഫ്ളൈറ്റ് റിപ്പോർട്ടിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇതിൽ ക്രൂ അംഗങ്ങളുടെ ജോലിയുടെ സമയക്രമം അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകും.
ഡിജിസിഎയുടെ പുതിയ നിർദേശപ്രകാരം ക്രൂ അംഗങ്ങളുടെ വിശ്രമത്തിനും മതിയായ ഉറക്കത്തിനും സമയം നൽകേണ്ടത് വിമാനക്കന്പനികളുടെ ഉത്തരവാദിത്വമാണ്. ക്രൂ അംഗങ്ങളുടെ വിശ്രമമില്ലായ്മ നിമിത്തമുണ്ടാകുന്ന അപകടസാധ്യത കുറയ്ക്കേണ്ടതും വിമാനക്കന്പനികളുടെ ഉത്തരവാദിത്തമാണെന്ന് ഡിജിസിഎ വ്യക്തമാക്കുന്നു. ഇതോടൊപ്പം ജോലിയില്ലാത്ത സമയം പരമാവധി വിശ്രമത്തിന് ഉപയോഗിക്കേണ്ടത് ക്രൂ അംഗങ്ങളുടെ ചുമതലയാണ്.
ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ക്രൂ അംഗങ്ങൾ ഫ്ലൈറ്റ് ഓപ്പറേറ്ററോട് റിപ്പോർട്ട് ചെയ്യണം. അവരോട് ആ ഷിഫ്റ്റിൽ ജോലിയിൽ പ്രവേശിക്കാൻ വിമാനക്കന്പനികൾ ആവശ്യപ്പെടരുത്. ഇത്തരക്കാർക്കുവേണ്ടി ശിക്ഷാനടപടികളില്ലാത്ത നയം വിമാനക്കന്പനികൾ രൂപപ്പെടുത്തണമെന്നും ഡിജിസിഎ വ്യക്തമാക്കി.
ഡിജിസിഎയുടെ പുതിയ പരിഷ്കാരനിർദേശം വിമാനക്കന്പനികൾക്കു സാന്പത്തിക നഷ്ടമുണ്ടാക്കും. ജോലിസമയം കുറച്ചാൽ കൂടുതൽ ആളുകളെ നിയമിക്കേണ്ടിവരും. അത് കൂടുതൽ സാന്പത്തികബാധ്യത ഉണ്ടാക്കുമെന്നും വിമാനക്കന്പനികൾ പ്രതികരിച്ചു.