ധർമസ്ഥല: ചോദ്യംചെയ്യലിന് മനാഫിന് നോട്ടീസ്
Sunday, September 7, 2025 1:35 AM IST
മംഗളൂരു: ധർമസ്ഥലയിലെ വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണസംഘത്തിനു മുമ്പാകെ ചോദ്യംചെയ്യലിനു ഹാജരാകാൻ കോഴിക്കോട്ടെ ലോറി ഉടമയും യുട്യൂബറുമായ മനാഫിനു നോട്ടീസ് നൽകി.
കേസുമായി ബന്ധപ്പെട്ട് കൈയിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളുമായി തിങ്കളാഴ്ച ഹാജരാകാനാണു നിർദേശം. ഹാജരായില്ലെങ്കില്‍ തുടര്‍ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി.
മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് ഉഡുപ്പി പോലീസും മനാഫിനെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ധര്‍മസ്ഥലയിൽ നടന്നതായി ആരോപിക്കപ്പെട്ട ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ മനാഫ് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു.
ധർമസ്ഥല ആക്ഷൻ കമ്മിറ്റി ഭാരവാഹിയും മലയാളിയുമായ ടി. ജയന്തിനൊപ്പം നിരവധി ചാനൽ ചർച്ചകളിലും മനാഫ് സജീവമായിരുന്നു. ജയന്ത് വനത്തിൽനിന്ന് ഒരു തലയോട്ടി കുഴിച്ചെടുക്കുന്നതിന്റെ വീഡിയോ നേരത്തേ മനാഫിന്റെ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ തലയോട്ടിതന്നെയാണ് വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.എൻ. ചിന്നയ്യ കോടതിയിൽ ഹാജരാക്കിയതെന്നാണു സൂചന.
ഇതുമായി ബന്ധപ്പെട്ട് മനാഫിനെയും ജയന്തിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.