പരീക്ഷയെഴുതാൻ വഴിയില്ല; പറന്നെത്തി!
Sunday, September 7, 2025 1:36 AM IST
പിത്തോർഗഡ്: പരീക്ഷാകേന്ദ്രത്തിലെ വഴികളെല്ലാം മണ്ണിടിച്ചിലിൽ തകർന്നതോടെ ഉത്തരാഖണ്ഡിലെ നാലംഗ വിദ്യാർഥിസംഘത്തിനു മുന്‍പിലുണ്ടായിരുന്നത് ആകാശമാർഗം മാത്രം.
തോരാമഴയെത്തുടർന്ന് അതും സാധ്യമാകുമോ എന്ന് ഒരുവേള സംശയിച്ചുവെങ്കിലും വിദ്യാർഥികളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ആ തടസവും വഴിമാറി. മണ്ണിടിച്ചിൽ മൂലം റോഡുകൾ തകർന്നതോടെ ഉത്തരാഖണ്ഡിലെ നാല് ബിഎഡ് വിദ്യാർഥികൾ ഹെലികോപ്റ്റർ വാടകയ്ക്കെടുത്ത് പരീക്ഷാകേന്ദ്രത്തിൽ പറന്നിറങ്ങുകയായിരുന്നു.
പിത്തോർഗഡിലെ മുൻസിയാരിയിലുള്ള ആർഎസ് തോലിയ പിജി കൊളജിലെ പരീക്ഷാകേന്ദ്രത്തിലെത്താനാണ് രാജസ്ഥാനിലെ ബാലോത്രയിൽനിന്നുള്ള നാലു വിദ്യാർഥികൾ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്.
പരീക്ഷയ്ക്കായി വെള്ളിയാഴ്ചതന്നെ ഹൽദ്വാനിയിൽ എത്തിയെങ്കിലും റോഡുകൾ മുഴുവൻ അടച്ചതോടെ അവിടെ കുടുങ്ങുകയായിരുന്നുവെന്ന് വിദ്യാർഥികളിലൊരാളായ ഒമറാം ജാഠ് പറഞ്ഞു. ഇതിനിടെ ഹൽദ്വാനി-മുൻസിയാരി ഹെലികോപ്റ്റർ സർവീസിനെക്കുറിച്ച് വിവരം ലഭിച്ചു.
എന്നാൽ, മോശം കാലാവസ്ഥമൂലം അതും മുടങ്ങിയിരുന്നു. പരീക്ഷയെഴുതിയില്ലെങ്കിൽ ഒരുവർഷം പോകുമെന്ന ആശങ്ക ഹെലികോപ്റ്റർ കന്പനി സിഇഒയുമായി പങ്കുവച്ചതോടെ അദ്ദേഹം സമ്മതം മൂളി. ഒരു ഭാഗത്തേക്ക് 5200 രൂപയാണ് യാത്രക്കൂലിയായി ഈടാക്കിയത്. ഒപ്പമുണ്ടായിരുന്ന ഇമംഗ്റാം ജാഠ്, പ്രകാശ് ഗോദ്ര ജാഠ്, നർപത് കുമാർ എന്നിവരെയും ഒപ്പം കൂട്ടി.
വിദ്യാർഥികൾ സ്വന്തം നിലയ്ക്കാണു പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കുന്നതെന്നു സംഭവത്തെക്കുറിച്ച് ഉത്തരാഖണ്ഡ് ഓപ്പൺ യൂണിവേഴ്സിറ്റി ബിഎഡ് വിഭാഗം തലവൻ സോമേശ് കുമാർ അറിയിച്ചു.