എലി കടിച്ച് നവജാത ശിശുക്കൾ മരിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Monday, September 8, 2025 4:46 AM IST
ന്യൂഡൽഹി: മധ്യപ്രദേശിലെ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന നവജാത ശിശുക്കളെ എലി കടിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ഭോപ്പാൽ, ഇൻഡോർ കളക്ടർമാർക്കും നോട്ടീസയച്ച കമ്മീഷൻ 10 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സർക്കാർ നിയന്ത്രണത്തിലുള്ള മഹാരാജ യശ്വന്ത് റാവു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നവജാത ശിശുക്കളെയാണ് എലി കടിച്ചത്. രണ്ടു കുട്ടികളും പിന്നീട് മരിച്ചു. മറ്റ് അസുഖങ്ങൾ മൂലമാണ് കുട്ടികൾ മരിച്ചതെന്നാണ് അധികൃതരുടെ വാദം.