പ്രധാനമന്ത്രിയുടെ മണിപ്പുർ സന്ദർശനം മൂന്നു മണിക്കൂർ :പരിഹസിച്ച് കോണ്ഗ്രസ്
സ്വന്തം ലേഖകൻ
Monday, September 8, 2025 4:46 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പുർ സന്ദർശനം മൂന്നു മണിക്കൂർ നേരത്തേക്ക് ആയിരിക്കുമെന്ന റിപ്പോർട്ടിനു പിന്നാലെ പ്രതികരണവുമായി കോണ്ഗ്രസ്. 29 മാസം നീണ്ടുനിന്ന വംശീയ കലാപത്തിനു പിന്നാലെ വെറും മൂന്നു മണിക്കൂർ മാത്രം സന്ദർശനം നടത്തി മണിപ്പുർ ജനതയെ പ്രധാനമന്ത്രി അപമാനിക്കുകയാണെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ഇത്രയും തിരക്കേറിയ ഒരു സന്ദർശനം നടത്തുന്നതുകൊണ്ട് എന്ത് ഗുണമാണു ലഭിക്കുന്നതെന്നും കോണ്ഗ്രസ് ചോദിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനസമയമടക്കം ഉൾപ്പെടുത്തിയ പത്ര റിപ്പോർട്ട് പങ്കുവച്ചുകൊണ്ടായിരുന്നു കോണ്ഗ്രസിന്റെ പ്രതികരണം. വംശീയ കലാപം തകർത്തിട്ടും മണിപ്പുർ സന്ദർശിക്കാതിരുന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തെ പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്തിരുന്നു.
ഈ മാസം 13ന് പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യം ആസാം സന്ദർശിക്കുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് മുന്പ് ഹെലികോപ്റ്റർ മാർഗം മണിപ്പുരിലെ ചുരാചന്ദ്പുരിൽ എത്തും. അവിടെ പൊതുയോഗത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ തലസ്ഥാന നഗരമായ ഇംഫാലിലെ കൻഗ്ല ഫോർട്ട് സന്ദർശിച്ച് പൊതുപരിപാടിയിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏകദേശം രണ്ടരയോടെ പ്രധാനമന്ത്രി മണിപ്പുരിൽനിന്നും തിരിക്കും.
സന്ദർശനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മോദിയുടെ വരവിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ മണിപ്പുരിൽ നടക്കുന്നതായാണ് വിവരം. കൻഗ്ല ഫോർട്ടിൽ 15000 ത്തോളം ആളുകൾക്കിരിക്കാവുന്ന സദസ് ഒരുങ്ങുന്നതായും സൂചനയുണ്ട്. കൂടാതെ നഗരത്തിന്റെ സൗന്ദര്യവത്കരണ ജോലികളും പുരോഗമിക്കുകയാണ്.