ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജന ചര്‍ച്ചകളിലേക്കു കടന്ന് മുന്നണികള്‍
Monday, September 8, 2025 4:46 AM IST
പാറ്റ്ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചര്‍ച്ചകളിലേക്കു കടന്ന് മുന്നണികൾ. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിയെയും ആർജെഡിയും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യവും പ്രാഥമിക ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
ചിരാഗ് പസ്വാന്, ജിതിന് റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യമാണ് എന്‍ഡിഎയിലെ സീറ്റ് വിഭജനചര്‍ച്ചകള്‍ സങ്കീര്ണമാക്കുന്നതെങ്കില്, മഹാസഖ്യത്തിലും കാര്യങ്ങള്‍ എളുപ്പമല്ല. ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും പശുപതി പരസ് നേതൃത്വം നല്കുന്ന എല്‍ജെപിയും മഹാസഖ്യത്തിലേക്കു വന്നതോടെ സഖ്യകക്ഷികളുടെ എണ്ണം ഏഴില്‍നിന്ന് ഒമ്പതായി. കൂടുതല്‍ സീറ്റുകള്‍ക്കായി കോണ്‍ഗ്രസും സിപിഐ-എംഎലും സമ്മര്‍ദം ശക്തമാക്കിക്കഴിഞ്ഞു. ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ, സിപിഎം, വിഐപി എന്നീ കക്ഷികളാണ് മഹാസഖ്യത്തില്‍ നേരത്തേയുണ്ടായിരുന്നത്.
243 അംഗ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എട്ടു കക്ഷികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുക എന്ന ഭാരിച്ച വെല്ലുവിളിയാണു മഹാസഖ്യത്തിനു മുന്നിൽ.
തൊട്ടടുത്ത ജാര്‍ഖണ്ഡില്‍ ജെഎംഎമ്മും കോണ്‍ഗ്രസും സഖ്യത്തിലായതിനാല്‍ ബിഹാറിലും ജെഎംഎമ്മിന് സീറ്റ് നല്‍കേണ്ടിവരും. ജാര്‍ഖണ്ഡിനോടു ചേര്‍ന്നുകിടക്കുന്ന ബങ്ക, മുംഗര്‍, ഭഗല്‍പുര്‍ എന്നിവിടങ്ങളിലായിരിക്കും ജെഎംഎമ്മിനെ പരിഗണിക്കുക. സഖ്യത്തിലെ എല്ലാവര്ക്കും സീറ്റ് ഉറപ്പാക്കുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് റാം പറയുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 144 സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡി 75 ഇടങ്ങളിലാണു വിജയിച്ചത്. എഴുപത് സീറ്റുകളില്‍ മത്സരിച്ചുവെങ്കിലും കോണ്‍ഗ്രസിനു ജയിക്കാനായത് 19 ഇടങ്ങളില്‍ മാത്രം. സിഐഐ എംഎല് 19 സീറ്റുകളില്‍ മത്സരിച്ചു, 12 സീറ്റിൽ വിജയിച്ചു.
മുന്നണിയിലെ പ്രബല സാന്നിധ്യമായ മുകേഷ് സാഹ്നിയുടെ നേതൃത്വത്തിലുള്ള വികാസ്ശീല് ഇന്സാന് പാര്‍ട്ടി (വിഐപി) 50 സീറ്റുകളും ഉപമുഖ്യമന്ത്രിപദവുമാണ് ആവശ്യപ്പെടുന്നത്. തേജസ്വി യാദവിനെ മുഖ്യമന്ത്രിയായും തന്നെ ഉപമുഖ്യമന്ത്രിയായും ഉയര്‍ത്തിക്കാട്ടണമെന്ന നിര്‍ദേശവും മുകേഷ് സാഹ്നി മുന്നോട്ടു വയ്ക്കുന്നു. 20 മുതല്‍ 25 വരെ സീറ്റുകള്‍ വിഐപിക്കു നല്‍കിയേക്കും. കോൺഗ്രസാണ് മറ്റൊരു പ്രധാന കക്ഷി. കഴിഞ്ഞതവണ 70 സീറ്റുകള്‍ ലഭിച്ചുവെങ്കിലും ഇത്തവണ 60 സീറ്റുകളില്‍ കോൺഗ്രസിനു തൃപ്തിപ്പെടേണ്ടിവന്നേക്കും.