ദേശീയപാത തുറക്കുന്നതിനെ എതിർത്ത് കുക്കി സംഘടനകൾ
Monday, September 8, 2025 4:46 AM IST
ന്യൂഡല്‍ഹി: ദേശീയ പാത രണ്ട് (എന്‍എച്ച് 2) തുറക്കാനുള്ള നീക്കം മണിപ്പുരിനെ വീണ്ടും ആശാന്തമാക്കുമോയെന്ന ആശങ്ക. കലാപത്തെത്തുടര്‍ന്ന് ഗതാഗതം നിലച്ച ദേശീയപാത തുറക്കാന്‍ കഴിഞ്ഞദിവസം കുക്കി ഗ്രൂപ്പുമായി കേന്ദ്ര സര്‍ക്കാരും ധാരണയിലെത്തിയിരുന്നു.
കുക്കികള്‍ക്കും മെയ്തേകള്ക്കും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അംഗീകാരമായി ധാരണയെ കാണരുതെന്ന് കുക്കി നാഷണല്‍ ഓര്ഗനൈസേഷന് (കെഎന്‍ഒ) യുണൈറ്റഡ് പീപ്പിള്‍സ് ഫ്രണ്ട് (യുപിഎഫ്) എന്നീ സായുധസംഘടനകള്‍ പ്രഖ്യാപിച്ചതാണ് ആശങ്കയ്ക്കു വഴിതെളിച്ചിരിക്കുന്നത്.
ദേശീയപാത തുറക്കാനും മരവിപ്പിച്ചുനിര്‍ത്തിയിരുന്ന സസ്പെന്ഷന് ഓഫ് ഓപ്പറേഷന് (എസ്ഒഓ) കരാര്‍ പുതുക്കാനുമാണു കഴിഞ്ഞദിവസം തീരുമാനമായത്. കരാര്‍ പ്രകാരം സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ഏഴോളം നിയുക്ത ക്യാമ്പുകള്‍ മാറ്റി സ്ഥാപിക്കാനും ക്യാമ്പുകളുടെ എണ്ണം കുറക്കാനും ധാരണയായിരുന്നു. ഇവ മണിപ്പുരിലെ ശാശ്വത സമാധാനത്തിനു വഴിവയ്ക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷയും അസ്ഥാനത്തായിരിക്കുകയാണ്.