വിദ്യാർഥികളുടെ ആത്മഹത്യ: നോഡൽ ഓഫീസർമാരെ നിയമിക്കും
സ്വന്തം ലേഖകൻ
Monday, September 8, 2025 4:46 AM IST
ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആത്മഹത്യകളും മാനസികാരോഗ്യവും പരിശോധിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നോഡൽ ഓഫീസർമാരെ നിയമിക്കും.
വിദ്യാർഥികളുടെ മാനസികാരോഗ്യവും ആത്മഹത്യകളും സംബന്ധിച്ച വിഷയങ്ങൾ പരിശോധിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച നാഷണൽ ടാസ്ക് ഫോഴ്സിന്റെ (എൻടിഎഫ്) പ്രവർത്തനങ്ങളെ സഹായിക്കുകയാണ് നോഡൽ ഓഫീസർമാരുടെ ഉത്തരവാദിത്വം. വിഷയത്തിൽ അതാത് സംസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികളും നൂതന ആശയങ്ങളും നോഡൽ ഓഫീസർമാർ എൻടിഎഫുമായി പങ്കിടണം.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ മാനസികാരോഗ്യ ആശങ്കകൾ പരിഹരിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി ഈ വർഷം മാർച്ചിലാണ് സുപ്രീംകോടതി നാഷണൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. സുപ്രീംകോടതി മുൻ ജസ്റ്റീസ് എസ്. രവീന്ദ്ര ഭട്ടിന്റെ അധ്യക്ഷതയിൽ 12 അംഗങ്ങളാണ് സംഘത്തിലുള്ളത്.
കുട്ടികളുടെ മാനസികാരോഗ്യം പരിശോധിക്കുന്നതിന് വിദ്യാർഥികൾ, മാതാപിതാക്കൾ, അധ്യാപകർ, സമൂഹത്തിന്റെ വിവിധ തലത്തിലുള്ള ആളുകൾ എന്നിവർക്കിടയിൽ നടത്തിയ സർവേകളിൽ ഇതുവരെ ഒരു ലക്ഷത്തിലധികം പ്രതികരണങ്ങൾ ലഭിച്ചതായും എൻടിഎഫ് വ്യക്തമാക്കി. ഇതോടൊപ്പം ഓൾ ഇന്ത്യ സർവേ ഓണ്‍ ഹയർ എഡ്യുക്കേഷന്‍ (എഐഎസ്എച്ച്ഇ) കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളജുകൾ എന്നിവ ഈ മാസം 12നകം സർവേകൾക്ക് വിശദമായ പ്രതികരണങ്ങൾ നൽകണമെന്ന് എൻടിഎഫ് നിർദേശിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ, ഫാർമസി കൗണ്‍സിൽ ഓഫ് ഇന്ത്യ, ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെയുള്ള റെഗുലേറ്ററി ബോഡികളോടും സർവേയിൽ പങ്കെടുക്കാൻ നിർദേശിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ എൻടിഎഫ് ആരംഭിച്ച വെബ്സൈറ്റിലൂടെയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഡൽഹി, ഹരിയാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലായി 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ചതായും എൻടിഎഫ് അറിയിച്ചു.
വിദ്യാർഥികളായിരുന്നു രോഹിത് വെമുല, പായൽ തദ്വി എന്നിവരുടെ ആത്മഹത്യയെ സംബന്ധിച്ച് മാതാപിതാക്കൾ സമർപ്പിച്ച ഹർജിയെത്തുടർന്നായിരുന്നു വിഷയത്തിൽ കൂടുതൽ പഠനം ആവശ്യപ്പെട്ട് നാഷണൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ്, വിവേചനം, അക്കഡേമിക് സമ്മർദം, വിദ്യാർഥികളുടെ മേലുള്ള സാന്പത്തികഭാരം തുടങ്ങി വിവിധ തലത്തിലുള്ള പരിശോധനയാണ് എൻടിഎഫ് നടത്തുന്നത്.