ഹൈക്കോടതി നടപടിക്കെതിരേ സുപ്രീംകോടതി
Tuesday, September 9, 2025 1:24 AM IST
ന്യൂഡൽഹി: ക്രിമിനൽ കേസുകളിലെ മുൻകൂർ ജാമ്യഹർജികൾ നേരിട്ടു പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിയെ വിമർശിച്ച് സുപ്രീംകോടതി.
ഭാരതീയ ന്യായ സംഹിതയുടെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് ഫയൽ ചെയ്യുന്ന ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയിൽ മാത്രമാണെന്ന് ജസ്റ്റീസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. സാധാരണ ക്രിമിനൽ കേസുകളിലെ വസ്തുത അറിയാവുന്നത് വിചാരണക്കോടതികളിലാണ്. ഹൈക്കോടതികൾക്ക് കേസുകളുടെ പൂർണവസ്തുത അറിയണമെന്ന് നിർബന്ധമില്ല. അതിനാലാണ് ഹൈക്കോടതി നടപടിയെ വിമർശിച്ചത്.
വിഷയത്തിൽ ഹൈക്കോടതി രജിസ്ട്രാർക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി അമിക്കസ് ക്യൂരിയായി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂതറയെ നിയമിച്ചു. എന്നാൽ, വിചാരണ ക്കോടതിയെ സമീപിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കുന്നതിൽ നിയമപരമായി തെറ്റൊന്നുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് സുപ്രീംകോടതിയെ സമീപിച്ച വ്യക്തിയുടെ ഹർജി പരിഗണിക്കുന്പോഴായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. കേസിൽ ഒക്ടോബർ 14ന് വിശദമായ വാദം കേൾക്കും.