റവ. ഡോ. അഗസ്റ്റിൻ ജോർജ് സിഎംഐ ക്രിസ്തുജയന്തി വൈസ് ചാൻസലർ
Tuesday, September 9, 2025 1:23 AM IST
ബംഗളൂരു: സിഎംഐ സഭയുടെ കോട്ടയം പ്രവിശ്യക്കു കീഴിലുള്ള ബംഗളൂരു ക്രിസ്തുജയന്തി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി റവ. ഡോ. അഗസ്റ്റിൻ ജോർജ് സിഎംഐ നിയമിക്കപ്പെട്ടു.
ക്രിസ്തുജയന്തി സർവകലാശാലയുടെ ചാൻസലറും സിഎംഐ സഭയുടെ കോട്ടയം പ്രൊവിൻസിന്റെ പ്രൊവിൻഷ്യലുമായ റവ. ഡോ. ഏബ്രഹാം വെട്ടിയാങ്കൽ സിഎംഐയാണ് 26 വർഷത്തെ ക്രിസ്തു ജയന്തിയുടെ ചരിത്രത്തിലെ നാഴികക്കല്ലായ നിയമനം പ്രഖ്യാപിച്ചത്.
ഗവേഷണത്തിലെയും അധ്യാപനരംഗത്തെയും ദീർഘകാലത്തെ അനുഭവസന്പത്തുമായാണ് റവ. ഡോ. അഗസ്റ്റിൻ ചുമതല ഏറ്റെടുക്കുന്നത്. കണ്ണൂർ ആലക്കോട് പാത്തൻപാറ കൊച്ചുവേലിക്കകത്ത് വർക്കിഏലിക്കുട്ടി ദമ്പതിമാരുടെ മകനാണ് ആൽബിനെന്നു വിളിക്കുന്ന റവ. ഡോ. അഗസ്റ്റിൻ ജോർജ്.
കംപ്യൂട്ടർ വിഭാഗം മേധാവി, ഡീൻ, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ തുടങ്ങിയ തസ്തികകൾ വഹിച്ചതിനു ശേഷമാണ് സർവകലാശാലയുടെ വൈസ് ചാൻസലറായി അദ്ദേഹം നിയമിക്കപ്പെടുന്നത്.
നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ മൂന്നാമത്തെ അക്രഡിറ്റേഷൻ സൈക്കിളിൽ സിജിപിഎ ഓഫ് 3.78 വിത്ത് എപ്ലസ്പ്ലസ് ഗ്രേഡ്, 2025ലെ എൻഐആർഎഫ് റാങ്കിംഗിൽ 34ാം സ്ഥാനം തുടങ്ങിയ നേട്ടങ്ങൾ കരസ്ഥമാക്കാൻ ക്രിസ്തുജയന്തിയെ പ്രാപ്തമാക്കിയത് ഡോ. അഗസ്റ്റിന്റെ നേതൃപാടവമാണ്.
2020 ലെ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ സംയോജനം, നൂതന സാങ്കേതിക പദ്ധതികളുടെ ആവിഷ്കരണം, ഗവേഷണരംഗത്തെ സംഭാവനകൾ, അന്തർദേശീയ സഹകരണങ്ങൾ തുടങ്ങിയ വിദ്യാഭ്യാസരംഗത്തെ മികച്ച മുന്നേറ്റങ്ങൾ ക്രിസ്തുജയന്തിയെ ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുൻനിരയിലേക്ക് ഉയർത്തിയിരിക്കുകയാണ്.