കാലാവധി കഴിഞ്ഞും തടവ്: മധ്യപ്രദേശ് സർക്കാരിന് 25 ലക്ഷം പിഴ
Tuesday, September 9, 2025 1:23 AM IST
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ ഏഴുവർഷത്തെ തടവുശിക്ഷ അനുഭവിച്ചുതീർന്നിട്ടും നാലു വർഷവും ഏഴു മാസവും തടവിൽ കഴിയേണ്ടിവന്ന കുറ്റവാളിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ മധ്യപ്രദേശ് സർക്കാരിനോട് ഉത്തരവിട്ട് സുപ്രീംകോടതി.
സംസ്ഥാനത്തിന്റെ വീഴ്ച നിമിത്തം അധികവർഷം കുറ്റവാളി ജയിലിൽ കിടന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതി കുറച്ചുദിവസം ജാമ്യത്തിലായിരുന്നുവെന്ന മധ്യപ്രദേശ് സർക്കാരിന്റെ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കാലാവധി കഴിഞ്ഞിട്ടും ആരെങ്കിലും ജയിലുകളിൽ തുടരുന്നുണ്ടോ എന്നു കണ്ടെത്താൻ മധ്യപ്രദേശ് ലീഗൽ സർവീസ് അഥോറിറ്റിയോട് നിർദേശിച്ചുകൊണ്ട് കേസ് തീർപ്പാക്കി.