സർക്കാരിന് അന്ത്യശാസനം നൽകി ജരാങ്കെ; 17നു മുന്പ് ജിആർ നടപ്പാക്കണം
Tuesday, September 9, 2025 1:23 AM IST
മുംബൈ: മറാത്തകൾക്ക് കുൻബി ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്നതിനായി കഴിഞ്ഞ വാരം പുറപ്പെടുവിച്ച സർക്കാർ പ്രമേയം (ജിആർ) ഈ മാസം 17നു മുൻപ് നടപ്പാക്കണമെന്നും ഇല്ലെങ്കിൽ "കടുത്ത തീരുമാനം' കൈക്കൊള്ളേണ്ടി വരുമെന്നും ആക്ടിവിസ്റ്റ് മനോജ് ജരാങ്കെ മുന്നറിയിപ്പ് നൽകി.
തങ്ങളുടെ ആവശ്യങ്ങൾ 96 ശതമാനം നിറവേറ്റപ്പെട്ടിട്ടുണ്ടെന്നും പൂർണമായ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മറാഠ്വാഡയിലെയും പടിഞ്ഞാറൻ മഹാരാഷ്ട്രയിലെയും മറാഠ് സമുദായാംഗങ്ങൾക്ക് സംവരണം ലഭിക്കുമെന്ന ആത്മവിശ്വാസവും ജരാങ്കെ പ്രകടിപ്പിച്ചു.
“ജിആർ അനുസരിച്ചു പ്രവർത്തിക്കാൻ സർക്കാർ താലൂക്ക് തലത്തിലുള്ള എല്ലാ ഓഫീസുകൾക്കും നിർദേശം നൽകണം. 17നു മുൻപ് സർട്ടിഫിക്കറ്റ് വിതരണം ആരംഭിക്കണം. ഇതു നടപ്പാകുന്നില്ലെങ്കിൽ എനിക്ക് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരും. ഞങ്ങളുടെ സംവരണം മറ്റുള്ളവർക്ക് നൽകിയ 1994ലെ ജിആർ ഞങ്ങൾ ചോദ്യം ചെയ്യും” - ജരാങ്കെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.