ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ആദ്യവോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി
Wednesday, September 10, 2025 2:21 AM IST
ന്യൂഡൽഹി: ഇന്നലെ രാവിലെ പത്തിന് പാർലമെന്റ് മന്ദിരത്തിലെ എഫ് 101 (വസുധ) മുറിയിൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ആദ്യവോട്ട് രേഖപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർന്ന് അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കളും വോട്ട് രേഖപ്പെടുത്തി.
കേരളത്തിൽനിന്നുള്ള എംപിമാർ എല്ലാവരുംതന്നെ ഒരുമിച്ചെത്തിയാണു വോട്ട് രേഖപ്പെടുത്തിയത്. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ രാവിലെ 11 ഓടെ വോട്ട് ചെയ്തു മടങ്ങി. രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയും കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും പോളിംഗ് നടക്കുന്ന മുറിയിലേക്ക് വോട്ട് ചെയ്യാൻ ഒരുമിച്ചെത്തിയത് അപൂർവ കാഴ്ചയായി.
തങ്ങൾ കൂടുതൽ കണക്കുകൂട്ടലുകളിലേക്കു കടക്കുന്നില്ലെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് മാധ്യമങ്ങളോടു പ്രതികരിച്ചു.
ന്യായം, സത്യസന്ധത, എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി എൻഡിഎ സ്ഥാനാർഥി സി.പി. രാധാകൃഷ്ണന് പിന്തുണ നൽകിക്കൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം, തെരഞ്ഞെടുപ്പിനുമുന്പ് ഒന്നിച്ചുകൂടിയ ഇന്ത്യാ സഖ്യം നേതാക്കൾ മനഃസാക്ഷി വോട്ട് എന്ന ആഹ്വാനം നൽകി. ഭരണപക്ഷത്തുനിന്നുള്ള അസംതൃപ്തരായ എംപിമാരുടെ വോട്ട് പ്രതീക്ഷിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. അട്ടിമറി ഒഴിവാക്കാനുള്ള കർശന നിരീക്ഷണമാണ് എൻഡിഎ പക്ഷത്തു കണ്ടത്.
ഭരണപക്ഷ എംപിമാരെ ബാച്ചുകളായി തിരിച്ച് ഒരു മുതിർന്ന നേതാവിന്റെ നേതൃത്വത്തിലാണ് വോട്ട് ചെയ്യാൻ എത്തിച്ചത്. ഒരു വോട്ടും ചോരാതിരിക്കാനുള്ള മുൻകരുതലാണ് എൻഡിഎ സ്വീകരിച്ചത്. വോട്ട് രേഖപ്പെടുത്താൻ ഒന്നര മണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നതിൽ പല എംപിമാരും അതൃപ്തി പ്രകടിപ്പിച്ചു.
രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ചിനാണ് അവസാനിച്ചത്. ഉപരാഷ്ട്രപതിപദവിയിൽ രണ്ടു വർഷംകൂടി ബാക്കിനിൽക്കെ സർക്കാരുമായുള്ള എതിർപ്പിനെത്തുടർന്ന് ജഗ്ദീപ് ധൻകർ രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.