കടുവയ്ക്കു വച്ച കൂട്ടില്‍ ഉദ്യോഗസ്ഥരെ പൂട്ടി നാട്ടുകാരുടെ പ്രതിഷേധം
Wednesday, September 10, 2025 2:21 AM IST
ഗുണ്ടല്‍പേട്ട്: കടുവയെ പിടികൂടുന്നതില്‍ വനംവകുപ്പ് അനാസ്ഥ കാണിച്ചെന്നാരോപിച്ച് കര്‍ണാടകയിലെ ചമരജനഗറില് വനംവകുപ്പ് ഉദ്യോഗസ്ഥരെ കര്‍ഷകര്‍ പൂട്ടിയിട്ടു, അതും കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ. കന്നുകാലികളെ നിരന്തരം ആക്രമിക്കുന്ന വന്യമൃഗങ്ങളെ പിടികൂടുന്നതില്‍ വനംവകുപ്പ് അനാസ്ഥ കാണിക്കുന്നുവെന്നായിരുന്നു ഗുണ്ടല്‍പേട്ട് താലൂക്കിലെ ബൊമ്മലാപുരയിലുള്ള കർഷകരുടെ ആരോപണം.
ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള മേഖലയിൽനിന്ന് വന്യമൃഗങ്ങളെ പിടികൂടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ഗൗരവമായി എടുത്തില്ലെന്നാണ് ഇവരുടെ പരാതി. ഏതാനും ദിവസം മുമ്പ് കടുവയുടെ ആക്രമണത്തില്‍ ഇവിടെ ഒരു പശുക്കിടാവ് ചത്തിരുന്നു. ഇതോടെയാണ് നാട്ടുകാരുടെ രോഷം അണപൊട്ടിയത്.
സ്ഥലത്തെ സ്ഥിതിവിവരങ്ങള്‍ പരിശോധിക്കാനായി ചൊവ്വാഴ്ച എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കര്‍ഷകര്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് ഗുണ്ടല്‍പേട്ട് എസിഎഫ് സുരേഷും ബന്ദിപ്പൂര്‍ എസിഎഫ് നവീന്‍ കുമാറും സ്ഥലത്തെത്തി കര്‍ഷകരുമായി ചര്‍ച്ച നടത്തി.
മെരുക്കിയ ആനകളെ ഉപയോഗിച്ച് വന്യമൃഗത്തെ പിടികൂടാനുള്ള തിരച്ചില്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. അതിനുശേഷമാണ് കര്‍ഷകര്‍ ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.