കാട്ടാനയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് ജീവനക്കാരൻ മരിച്ചു
Wednesday, September 10, 2025 2:21 AM IST
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിൽ മഞ്ചേശ്വരി പ്ലാന്റേഷൻ എസ്റ്റേറ്റ് സൂപ്പർവൈസർ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു.
ബാർവുഡ് സ്വദേശി പി.ബി. മെഹ്ബൂബ് എന്ന ഷംസുദ്ദീൻ (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഗുയിന്റ് എസ്റ്റേറ്റിലേക്കു ജോലിക്കു ബൈക്കിൽ പോകുന്നതിനിടെയാണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചത്.
ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന എസ്റ്റേറ്റ് ഫീൽഡ് ഓഫീസർ ചെല്ലദുരൈക്കു പരിക്കേറ്റു. ഇദ്ദേഹത്തെ ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, മെഹ്ബൂബിന് ആശുപത്രിയിൽ മതിയായ ചികിത്സ ലഭ്യമായില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഡ്യൂട്ടി ഡോക്ടർ സ്ഥലത്തില്ലായിരുന്നുവെന്നും കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.