ബില്ലുകളിൽ തീരുമാനമെടുക്കാൻ മന്ത്രിമാർക്ക് ഗവർണറോട് ആവശ്യപ്പെടാം; കേരളം സുപ്രീംകോടതിയിൽ
Wednesday, September 10, 2025 2:21 AM IST
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ചർച്ചകൾക്കു ശേഷവും ഗവർണർ തീരുമാനമെടുക്കാത്ത സാഹചര്യമുണ്ടായാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 163 പ്രകാരം ബില്ലുകളിൽ തീരുമാനമെടുക്കാൻ സംസ്ഥാന മന്ത്രിമാർക്കു ഗവർണറോട് ആവശ്യപ്പെടാമെന്ന് കേരളം സുപ്രീംകോടതിയിൽ.
ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്കു സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി നടപടി ശരിയാണെന്നും രാഷ്ട്രപതി പരാമർശം പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിനു മുന്നിൽ കേരളം വാദിച്ചു.
ഗവർണർ ബില്ലുകൾ തടഞ്ഞുവയ്ക്കുന്ന സാഹചര്യമുണ്ടായാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 163 പ്രകാരം തീരുമാനമെടുക്കാൻ മന്ത്രിമാർക്ക് ആവശ്യപ്പെടാം. ഇങ്ങനെ വന്നാൽ ഗവർണർക്ക് മറ്റു സാധ്യതകളില്ലെന്നും കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ വ്യക്തമാക്കി.
എന്നാൽ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർ സമ്മതം അറിയിക്കുന്ന സാഹചര്യത്തിൽ ഭരണഘടനയിലെ ആർട്ടിക്കിൾ 163 പ്രയോഗിക്കുന്നതിനോടു തനിക്ക് അഭിപ്രായമില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.
ഗവർണർ ഒരു ബിൽ റദ്ദാക്കിയാൽ അതിന്റെ കാരണം നൽകേണ്ടതുണ്ട്. നിയമപരമായ അവലോകനത്തിന് അതുവഴി സാധിക്കും. നിയമസഭയുടെ പ്രവർത്തനം അട്ടിമറിക്കുകയല്ല ഗവർണർ ചെയ്യേണ്ടത്.
സംസ്ഥാനത്തിന്റെ താത്പര്യത്തിനനുസരിച്ച് ബില്ലുകളിൽ തീരുമാനമെടുക്കുകയാണു വേണ്ടത്. നിയമനിർമാണ സഭയുടെ ഭാഗമാണു ഗവർണർ. അതുകൊണ്ടുതന്നെ സഭ പാസാക്കുന്ന ബില്ലുകളെ സംബന്ധിച്ച കൃത്യമായ ധാരണ അദ്ദേഹത്തിന് ഉണ്ടാകണമെന്നും വേണുഗോപാൽ ഭരണഘടനാ ബെഞ്ചിനു മുന്നിൽ വ്യക്തമാക്കി. സമാന വാദങ്ങൾത്തന്നെയാണു കർണാടകയും ഇന്നലെ ഉന്നയിച്ചത്.
പ്രതിപക്ഷ സംസ്ഥാനങ്ങളിൽ മാത്രം ഗവർണർമാർക്കു പിടിവാശി
രാജ്യത്തു പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണു ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കു പിടിവാശിയുള്ളതെന്ന് കേരളം സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. ഈ സംസ്ഥാനങ്ങളിൽ ഗവർണർമാർ സർക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ സംശയമുണ്ടാകുന്പോൾ കേരളത്തിന്റെ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിമാരെ വിളിച്ചു ചർച്ച നടത്തിയിരുന്നു. ഈ രീതിയിലാണു ഗവർണർമാർ പ്രവർത്തിക്കേണ്ടത്. അതേസമയം മന്ത്രിമാരുമായി ബില്ലിനെക്കുറിച്ച് ചർച്ച നടത്തിയശേഷം ബിൽ തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും കെ.കെ. വേണുഗോപാൽ വ്യക്തമാക്കി.