സിയാചിനിൽ ഹിമപാതം; മൂന്നു സൈനികർക്കു ജീവത്യാഗം
Wednesday, September 10, 2025 2:21 AM IST
ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ ലഡാക്കിൽ ഹിമപാതത്തിൽ മൂന്നു സൈനികർക്കു ജീവത്യാഗം. മഞ്ഞുപാളികൾക്കിടയിൽ കുടുങ്ങിയ രണ്ട് അഗ്നിവീറുകൾ ഉൾപ്പെടെ മൂന്നുപേരെയും അഞ്ചുമണിക്കൂറിനുശേഷം പുറത്തെത്തിച്ചുവെങ്കിലും പ്രതീക്ഷ വിഫലമാവുകയായിരുന്നു.
ഒരു ഓഫീസറെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചു. സമുദ്രനിരപ്പിൽനിന്ന് 12,000 അടി ഉയരത്തിലുള്ള ബേസ് ക്യാന്പിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പുലർച്ചെയാണ് ഹിമപാതമുണ്ടായത്.
അതികഠിന സാഹചര്യങ്ങളെ നേരിട്ടാണ് ബേസ് ക്യാന്പിൽ സൈനികർ സേവനമനുഷ്ഠിക്കുന്നത്. നിയന്ത്രണരേഖയ്ക്കു സമീപമുള്ള പ്രദേശമായതിനാലാണു സൈനികസാന്നിധ്യം അനിവാര്യമാകുന്നത്.
ഉയർന്ന മേഖലകളിലെ യുദ്ധമുറകൾക്കുള്ള പ്രത്യേക പരിശീലനത്തിനുശേഷമാണു സൈനികരെ വിന്യസിക്കുക. മൈനസ് ഡിഗ്രി സെൽഷ്യസ് താപനിലയെ അതിജീവിക്കാനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.