പ്രധാനമന്ത്രിയുടെ മണിപ്പുർ സന്ദർശനത്തെ സ്വാഗതം ചെയ്ത് കുക്കികൾ
Thursday, September 11, 2025 3:19 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പുർ സന്ദർശനത്തെ സ്വാഗതം ചെയ്ത് കുക്കി സംഘടനകളുടെ ഐക്യവേദിയായ കുക്കി സോ കൗൺസിൽ. ചരിത്രപരവും അപൂർവവുമായ സന്ദർഭമെന്നു വിശേഷിപ്പിച്ച സംഘടനകൾ, നാല് പതിറ്റാണ്ടുകൾക്കു ശേഷമാണ് ഒരു പ്രധാനമന്ത്രി പ്രദേശം സന്ദർശിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
കുക്കികൾക്കു മാത്രമായി പ്രത്യേക ഭരണസംവിധാനം വേണമെന്ന കാലങ്ങളായുള്ള ആവശ്യവും സംഘടനകൾ ആവർത്തിച്ചു. സമാധാനം, സുരക്ഷ, നിലനില്പ് എന്നിവയുടെ ആവശ്യകതയിൽനിന്നാണ് ഇത്തരമൊരു കാര്യം മുന്നോട്ടുവയ്ക്കുന്നതെന്നും സംഘടനകൾ വ്യക്തമാക്കി. മണിപ്പുർ സംഘർഷത്തെത്തുടർന്ന് കുക്കികൾ നേരിട്ട യാതനകളടക്കം വിവരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസ്താവന കുക്കികൾ പുറത്തിറക്കിയത്.
ഭൂരിപക്ഷമായ മെയ്തെയ്കളുമായുള്ള സംഘർഷത്തെത്തുടർന്ന് 250 ജീവനുകൾ നഷ്ടപ്പെട്ടു. 360 പള്ളികളും ആരാധനാലയങ്ങളും തകർക്കപ്പെട്ടു. 7000 ത്തിലധികം വീടുകളാണ് കത്തിനശിച്ചത്. കുക്കി വിഭാഗത്തിൽപ്പെടുന്ന 40,000 പേർ ദുരിതാശ്വാസ ക്യാന്പുകളിൽ തുടരുന്നതായും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഭൂരിപക്ഷ സമുദായത്തിന്റെ പ്രവൃത്തികളാൽ കുക്കികൾ നിർബന്ധിതമായി വേർപിരിയേണ്ടിവന്നെന്നും എന്നാൽ ഇന്ത്യയുടെ ജനാധിപത്യത്തിലും നേതൃത്വത്തിലുമുള്ള വിശ്വാസം ഉയർത്തിപ്പിടിക്കുന്നതായും കുക്കികൾ വ്യക്തമാക്കി.
ഈ മാസം 13നാണ് പ്രധാനമന്ത്രിയുടെ മണിപ്പുർ സന്ദർശനം പദ്ധതിയിട്ടിരിക്കുന്നത്. ആദ്യം ചുരാചന്ദ്പുരിലെത്തുന്ന മോദി ഒരു പൊതുപരിപാടിയിൽ പങ്കെടുത്തശേഷം ഇംഫാലിലെ കാംഗ്ല കോട്ടയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രസംഗിക്കും. വംശീയകലാപത്തെത്തുടർന്ന് കുടിയിറക്കപ്പെട്ട ആളുകളെ പൊതുസമ്മേളനവേദിയിൽ പ്രധാനമന്ത്രി കാണും.
സമയക്കുറവും സുരക്ഷയും മുൻനിർത്തി ദുരിതാശ്വാസക്യാന്പുകൾ സന്ദർശിക്കാൻ സാധ്യതയില്ല. കുടിയിറക്കപ്പെട്ടവർക്കായി പ്രധാനമന്ത്രി പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. ചില വികസനപദ്ധതികൾക്കും അദ്ദേഹം തറക്കല്ലിടും. ഏകദേശം മൂന്നു മണിക്കൂർ നേരത്തേക്കായിരിക്കും പ്രധാനമന്ത്രിയുടെ മണിപ്പുർ സന്ദർശനം.
അതേസമയം, പ്രധാനമന്ത്രിയുടെ സ്വീകരണച്ചടങ്ങിൽ നൃത്തപരിപാടി അവതരിപ്പിക്കില്ലെന്ന് കുക്കി സംഘടനയായ ദ ഇഫാൽ ഹ്മാർ ഡിസ്പ്ലേസ്ഡ് കമ്മിറ്റി അറിയിച്ചു. സ്വീകരണപരിപാടിയിൽ പങ്കെടുക്കുന്നതിനു പകരം വംശീയകലാപത്തിനിരയായവരെ കാണുന്നതിനാണഅ് പ്രധാനമന്ത്രി പ്രാധാന്യം നൽകേണ്ടതെന്ന് സംഘടന വ്യക്തമാക്കി.
ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കണം: സിബിസിഐ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മണിപ്പുർ സന്ദർശനം സമാധാനശ്രമങ്ങൾക്ക് ആക്കം കൂട്ടുമെങ്കിൽ സ്വാഗതം ചെയ്യുന്നതായി ഭാരത കത്തോലിക്ക മെത്രാൻസമിതി (സിബിസിഐ).
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഡൽഹിയിൽ പറഞ്ഞു.