രാജ്യം മുഴുവൻ എസ്ഐആർ
Thursday, September 11, 2025 3:19 AM IST
ന്യൂഡൽഹി: വ്യാപക പ്രതിഷേധം നേരിട്ടിട്ടും ബിഹാറിൽ നടപ്പാക്കിയ വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (സ്പെഷൽ ഇന്റൻസീവ് റിവിഷൻ- എസ്ഐആർ) രാജ്യവ്യാപകമായി നടത്താൻ നീക്കം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗത്തിൽ അടുത്തമാസം നടപടികൾക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ചതായാണു സൂചന.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്പുതന്നെ ഇതുസംബന്ധിച്ച നടപടികൾ ആരംഭിച്ചേക്കും. എസ്ഐആർ നടപ്പാക്കുന്നതിന് അടിസ്ഥാനപരമായ കാര്യങ്ങൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കി അടുത്തമാസം നടപടികൾ ആരംഭിക്കാമെന്നാണ് യോഗത്തിലെ ധാരണ.
ബിഹാറിൽ തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചതുപോലെ അതത് സംസ്ഥാനങ്ങളിൽ ഏതൊക്കെ രേഖകൾ ഉപയോഗിക്കാമെന്നതിന്റെ പട്ടിക തയാറാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഗോത്രവർഗങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങൾ, തീരദേശമേഖലകൾ എന്നിവ തിരിച്ചറിയലിലും താമസത്തിനും പ്രത്യേക രേഖകൾ ഉപയോഗിക്കാറുണ്ട്.
പല സ്ഥലങ്ങളിലും പ്രാദേശിക സ്വയംഭരണ കൗണ്സിലുകളും തദ്ദേശസ്ഥാപനങ്ങളും നൽകുന്ന സർട്ടിഫിക്കറ്റുകൾക്കും വ്യാപകമായ അംഗീകാരമുണ്ട്. ഈ വ്യത്യാസങ്ങൾ കണക്കിലെടുത്ത് പരിശോധനാപ്രക്രിയ പൂർത്തിയാക്കാനാണു നിർദേശം.
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പേ?
ബിഹാറിനുശേഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലാണ് ഇനി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാറുള്ളത്. അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയുമായി മുന്നോട്ടു പോയാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പേ വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കിയേക്കും. 2002ലാണ് കേരളത്തിൽ അവസാനമായി വോട്ടർപട്ടികയിൽ പ്രത്യേക തീവ്രപരിഷ്കരണം നടത്തിയത്.
ബിഹാറിൽ 2003 അടിസ്ഥാനവർഷമായി പരിഗണിച്ചതുപോലെ 2002 ആകും കേരളത്തിന്റെ കാര്യത്തിൽ ബാധകമാകാൻ സാധ്യത. എസ്ഐആർ സംബന്ധിച്ച വിഷയം സുപ്രീംകോടതിയുടെ പരിഗണയിലിരിക്കുന്നതിനാൽ കോടതി നിർദേശവും കണക്കിലെടുത്തായിരിക്കും തുടർ നടപടികൾ.