സംഘർഷം: ദോഡയിൽ കൂടുതൽ പോലീസ് സേനയെത്തി
Thursday, September 11, 2025 2:22 AM IST
ജമ്മു: ആം ആദ്മി പാർട്ടി എംഎൽഎ മെഹ്റാജ് മാലിക്കിനെ പൊതു സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനു പിന്നാലെ ദോഡയിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ സേനയെ വിന്യസിച്ചു.
സംഘർഷം ഭദേർവ താഴ്വരയിലേക്കു വ്യാപിച്ചതോടെ കടകന്പോളങ്ങളും മറ്റും ഇന്നലെ അടഞ്ഞുകിടന്നു. രണ്ട് ഉദ്യോഗസ്ഥരുൾപ്പെടെ എട്ടു പോലീസുകാർക്ക് അക്രമത്തിൽ പരിക്കേറ്റിരുന്നു. “മാലിക്കിനെ നിയമവിരുദ്ധമായാണ് കഠുവ ജയിലിലിട്ടത്.
തീവ്രവാദിക്കെതിരേയുള്ള നിയമം ജനപ്രതിനിധികൾക്കെതിരേ പ്രയോഗിക്കുന്നതിനെ ഞങ്ങൾ ശക്തമായി എതിർക്കും. എഎപി പ്രതിനിധികളെ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്”- പാർട്ടി എംപി സഞ്ജയ് സിംഗ് ആരോപിച്ചു. ജമ്മു കാഷ്മീരിലെ ഏക ആം ആദ്മി പാർട്ടി എംഎൽഎയാണ് മെഹ്റാജ്.