ലോട്ടറിവില കൂട്ടില്ല: ധനമന്ത്രി
Friday, September 12, 2025 3:48 AM IST
ന്യൂഡൽഹി: ലോട്ടറിവില കൂട്ടില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ചരക്കുസേവന നികുതിയിൽ വരുത്തിയ മാറ്റത്തെത്തുടർന്ന് സംസ്ഥാനം നേരിടേണ്ടിവരുന്ന സാന്പത്തികനഷ്ടം സംബന്ധിച്ച ആശങ്കകൾ ധനകാര്യ കമ്മീഷനെ അറിയിച്ചശേഷം ഡൽഹി കേരള ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ ജിഎസ്ടി വന്നതോടെ ഏറ്റവുമധികം ബാധിക്കപ്പെട്ട മേഖലയാണു ലോട്ടറി. ലോട്ടറി സംഘടനകളുമായി ചർച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി.
പുതിയ ജിഎസ്ടി സ്ലാബ് നിലവിൽ വരുന്പോൾ ലോട്ടറിക്കുണ്ടായിരുന്ന 28 ശതമാനം നികുതിയിൽനിന്ന് 40 ശതമാനമായി മാറും. ഇത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. രണ്ടു ലക്ഷത്തോളം ആളുകളെ ഈ നടപടി നേരിട്ടു ബാധിക്കും. സർക്കാർതന്നെ നടത്തുന്ന ലോട്ടറിയായതിനാൽ അതിന് അതിന്റേതായ പ്രാധാന്യമുണ്ട്.
ലോട്ടറിയുടെ വില ഇപ്പോൾ 50 രൂപയാണ്. ലോട്ടറിയുടെ വില വർധിപ്പിച്ചു പ്രശ്നം പരിഹരിക്കാമെന്നതായിരുന്നു ചർച്ചയിലെ ഒരു നിർദേശം. എന്നാൽ വില തത്കാലം വർധിപ്പിക്കില്ല. സർക്കാരുമായി കൂടിയാലോചിച്ചു പരിഹാരം കാണും. സമ്മാനത്തുകയിൽ ചെറിയ കുറവ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
പുതിയ ജിഎസ്ടി സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വലിയ ഇടിവാണുണ്ടാക്കുന്നത്. എട്ടു സംസ്ഥാനങ്ങളുടെ ധനമന്ത്രിമാർ യോജിച്ച് ഇക്കാര്യങ്ങൾ ധനകാര്യ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. അടുത്ത സാന്പത്തികവർഷമെങ്കിലും തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.