പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മണിപ്പുരിൽ
Friday, September 12, 2025 3:48 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മണിപ്പുർ സന്ദർശിക്കാനിരിക്കെ ഉക്രുൾ ജില്ലയിലെ 43 ബിജെപി നേതാക്കൾ രാജിവച്ചു. കൂടിയാലോചനയുടെ അഭാവമടക്കം മണിപ്പുരിലെ ബിജെപിയുടെ പ്രവർത്തനരീതിയിൽ പ്രതിഷേധിച്ചാണു കൂട്ടരാജി.
2023 മേയ് മൂന്നിന് മണിപ്പുർ കലാപം ആരംഭിച്ചതിനുശേഷം ആദ്യമായി സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രിക്കു കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പുരിൽ ആദ്യമെത്തുന്ന മോദി അവിടെ സമാധാന മൈതാനിയിലും (പീസ് ഗ്രൗണ്ട്) പിന്നീട് മെയ്തെയ്കളുടെ ശക്തികേന്ദ്രവും തലസ്ഥാനവുമായ ഇംഫാലിലെ കാംഗ്ള കോട്ടയിലും രണ്ടു സമ്മേളനങ്ങളിൽ പ്രസംഗിക്കും.
ഏതാനും മണിക്കൂർ മാത്രം നീളുന്ന പ്രധാനമന്ത്രിയുടെ മണിപ്പുർ സന്ദർശനവേളയിൽ മെയ്തെയ്-കുക്കി നേതാക്കളുമായി ഒരുമിച്ചോ വെവ്വേറെയോ സമാധാനചർച്ച ഉണ്ടായേക്കില്ലെന്നാണു സൂചന.
രാഷ്ട്രപതിഭരണത്തിലുള്ള സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്നലെ മുതൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സുരക്ഷാസേനകൾ കാംഗ്ള കോട്ടയിൽ 24 മണിക്കൂറും പരിശോധനകൾ നടത്തുന്നുണ്ട്. ചുരാചന്ദ്പുരിലും കേന്ദ്ര സുരക്ഷാസേന എത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനിടെ മൂന്നു തീവ്രവാദികളെ അറസ്റ്റ് ചെയ്തു.
കുന്നിൻ പ്രദേശങ്ങളിലും താഴ്വരയിലും സംസ്ഥാന സേനയും സിആർപിഎഫ് ഉദ്യോഗസ്ഥരും നിയന്ത്രിക്കുന്ന താത്കാലിക ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
സന്ദർശനം കാത്തിരുന്നതെന്ന് സഖ്യകക്ഷി
വളരെക്കാലമായി കാത്തിരുന്നതാണ് പ്രധാനമന്ത്രി മോദിയുടെ മണിപ്പുർ സന്ദർശനമെന്ന് ബിജെപി സഖ്യകക്ഷിയായ തിപ്ര മോത്ത സ്ഥാപകൻ പ്രദ്യോത് കിഷോർ ദെബർമ.
നേപ്പാളിലെ അസ്വസ്ഥതയുടെ കൂടി വെളിച്ചത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന അരക്ഷിതാവസ്ഥയും നിരാശയും പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മേഖലയുടെ സന്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളും തിപ്ര മോത്ത ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.