പോലീസ് ഉറക്കത്തിന്റെ തടവിൽ; പുള്ളി തോക്കുമായി കടന്നു
Friday, September 12, 2025 3:48 AM IST
ഛത്തർപുർ: മധ്യപ്രദേശിലെ ഛത്തർപുരിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തടവുകാരൻ പോലീസുകാരന്റെ തോക്കുമായി കടന്നുകളഞ്ഞു. വധശ്രമക്കേസിൽ വിചാരണ നേരിടുന്ന രവീന്ദ്ര പരിഹാർ എന്ന തടവുകാരനാണ് രക്ഷപ്പെട്ടത്.
ആശുപത്രിയിലെ തടവുകാരുടെ വാർഡിൽനിന്നു പുലർച്ചെ ഇയാൾ കടന്നുകളയുകയായിരുന്നു. നിരീക്ഷണത്തിനായി ഏർപ്പെടുത്തിയിരുന്ന പോലീസുകാരന്റെ പോക്കറ്റിൽനിന്നു താക്കോലെടുത്താണ് ഇയാൾ വാർഡിൽനിന്നു പുറത്തുകടന്നത്.
പോകുന്നപോക്കിൽ പോലീസുകാരന്റെ തോക്കും കൈക്കലാക്കി. സംഭവത്തത്തുടർന്ന് വാർഡിൽ നിരീക്ഷണത്തിനായി ഏർപ്പെടുത്തിയിരുന്ന അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
നേരത്തെയും പോലീസിനെവെട്ടിച്ച് പരിഹാർ കടന്നുകളഞ്ഞിട്ടുണ്ട്. 2024ൽ ഇയാളുടെ സ്വദേശമായ ദയ്രി ഗ്രാമത്തിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനു നേർക്ക് വെടിയുതിർത്താണ് പരിഹാർ രക്ഷപ്പെട്ടത്.
ഈ മാസം ഇയാളെ പിടികൂടുന്നതിനിടയിലും പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് ആക്രമിക്കാൻ ശ്രമം നടത്തിയിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.