രാജ്യവ്യാപക എസ്ഐആർ; പ്രാഥമിക നടപടികള്‍ ആരംഭിക്കാൻ നിർദേശം
Sunday, September 14, 2025 2:05 AM IST
സനു സിറിയക്
ന്യൂഡൽഹി: ബിഹാർ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപട്ടികയിലെ പ്രത്യേക സമഗ്ര പരിഷ്കരണം (സ്പെഷൽ ഇന്റൻസീവ് റിവിഷൻ-എസ്ഐആർ) നടത്തുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കാൻ നിർദേശം നൽകിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ.
2026 ജൂണ്‍ ഒന്ന് യോഗ്യതാവർഷമായി കണക്കാക്കിയാണു രാജ്യവ്യാപകമായി എസ്ഐആർ നടപ്പാക്കുന്നത്. അതായത് 2026 ജൂണ്‍ ഒന്നിന് 18 വയസ് പൂർത്തിയാകുന്ന പൗരന് ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ സാധിക്കും.
കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിൽ ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നടപ്പാക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവ് അശ്വനികുമാർ ഉപാധ്യായ പൊതുതാത്പര്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഹർജിക്കു മറുപടിയായി നൽകിയ സത്യവാങ്മൂലത്തിലാണ് രാജ്യവ്യാപക എസ്ഐആറിനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ നിർദേശിച്ചുകൊണ്ടുള്ള കത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കു കൈമാറിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്.
ഇതുസംബന്ധിച്ച് കഴിഞ്ഞ പത്തിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ യോഗം ചേർന്നതായും മറുപടിയിൽ അറിയിച്ചു.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21 (3) പ്രകാരവും വോട്ടർ രജിസ്ട്രേഷൻ നിയമപ്രകാരവും വോട്ടർപട്ടികയിൽ പ്രത്യേക സമഗ്ര പരിഷ്കരണത്തിനു തങ്ങൾക്ക് അധികാരമുണ്ടെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചത്.
എസ്ഐആർ നടപ്പാക്കുന്നതും ഈ വിഷയത്തിൽ മറ്റേതെങ്കിലും അഥോറിറ്റിയെ ഇടപെടുത്തുന്നതും തെരഞ്ഞെടുപ്പു കമ്മീഷന്റെ വിവേചനാധികാരത്തിൽപ്പെടുന്ന കാര്യമാണെന്നും കമ്മീഷൻ വ്യക്തമാക്കി. തുടർച്ചയായ ഇടവേളകളിൽ എസ്ഐആർ നടപ്പാക്കാൻ നിർദേശിക്കുന്നത് കമ്മീഷന്റെ അധികാരപരിധിയിൽ കടന്നുകയറുന്നതിന് തുല്യമായിരിക്കുമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.
നിലവിൽ ബിഹാറിൽ എസ്ഐആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ പരിഗണനയിലാണ്. കോടതി നിർദേശത്തെത്തുടർന്നാണു വോട്ടർപട്ടികയിൽ യോഗ്യത തെളിയിക്കുന്നതിനു നിർദേശിച്ച 11 രേഖകൾക്കുപുറമെ ആധാർകാർഡ് 12-ാമത്തെ രേഖയായി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചത്.
രാജ്യവ്യാപകമായി എസ്ഐആർനടപ്പാക്കുന്പോൾ ഈ രേഖകളും ഉൾപ്പെടുത്തും. കേരളത്തിൽ വോട്ടർപട്ടികയിലെ തീവ്ര പരിഷ്കരണത്തിനുള്ള പ്രാഥമിക നടപടിക്രമങ്ങൾ ആരംഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.