വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു; അടിയന്തര ലാന്‍ഡിംഗ്
Saturday, September 13, 2025 2:32 AM IST
മുംബൈ: പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി. ഗുജറാത്തിലെ കണ്ട്ല വിമാനത്താവളത്തിൽനിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 2.39ന് 75 യാത്രക്കാരുമായി മുംബൈയിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് ക്യു 400 വിമാനത്തിന്റെ പിൻചക്രങ്ങളിൽ ഒരെണ്ണമാണ് ഊരിപ്പോയത്. കണ്ട്ലയിലെ റണ്‍വേ 23ല്‍നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ചക്രം ഊരിത്തെറിക്കുകയായിരുന്നു.
യാത്ര തുടര്‍ന്ന വിമാനം മുംബൈയില്‍ സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തി. വിവരമറിഞ്ഞ് മുംബൈ വിമാനത്താവളത്തിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
വിമാനം പറന്നുയർന്നപ്പോൾ ഒരു കറുത്ത വസ്തു താഴേക്കു വീഴുന്നത് കൺട്രോൾ ടവറിലെ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ടയർ കണ്ടെത്തിയത്. വിമാനത്തിലെ പൈലറ്റിനെ ഇക്കാര്യം അറിയിച്ചശേഷം മുംബൈ വിമാനത്താവളത്തിൽ ജാഗ്രതാനിർദേശം നൽകി.
തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും വിമാനക്കമ്പനി അറിയിച്ചു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.