28 മാസത്തിനുശേഷം മോദി മണിപ്പുരിൽ മുറിവുണക്കൽ
Sunday, September 14, 2025 2:05 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വംശീയകലാപത്തിൽ മുറിവേറ്റ മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ടേകാൽ വർഷത്തിനുശേഷം സമാധാനാഹ്വാനം നൽകിയും സാന്ത്വനസ്പർശമേകിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി.
2023 മേയ് മൂന്നിനു കലാപം തുടങ്ങി ഇതാദ്യമായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി ആദ്യം കുക്കി നഗരമായ ചുരാചന്ദ്പുരിലെ പീസ് ഗ്രൗണ്ടിലും പിന്നീട് മെയ്തെയ്കളുടെ കേന്ദ്രവും തലസ്ഥാനവുമായ ഇംഫാലിലെ കാംഗ്ല കോട്ടയിലും നടത്തിയ സമ്മേളനങ്ങളിൽ പ്രസംഗിച്ചു.
കനത്തെ മഴയെത്തുടർന്ന് ഹെലികോപ്റ്ററിൽ എത്താൻ കഴിയാത്തതിനെത്തുടർന്ന് ഇംഫാലിൽനിന്നു റോഡ് മാർഗമാണ് പ്രധാനമന്ത്രി ഇന്നലെ കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പുരിലെത്തിയത്. മിസോറം തലസ്ഥാനമായ ഐസ്വാളിൽനിന്നു ഹെലികോപ്റ്ററിൽ ചുരാചന്ദ്പുരിലെത്താനായിരുന്നു ആദ്യപരിപാടി. ചുരാചന്ദ്പുരിലും ഇംഫാലിലും ദുരിതാശ്വാസ ക്യാന്പുകളിലെ ഏതാനും പേരുമായി മോദി സംവദിച്ചു.
മണിപ്പുരിലെ ജനങ്ങൾ സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കണമെന്നും വികസനത്തിനു സമാധാനം പരമപ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മണിപ്പുരിനെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാക്കാൻ ആഗ്രഹിക്കുന്നു. പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പുതിയ പ്രഭാതം ഉദിച്ചുയരുന്നുവെന്നും സമ്മേളനങ്ങളിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
മണിപ്പുരിലെ കുന്നുകളിലെയും താഴ്വരയിലെയും ജനങ്ങൾക്കിടയിൽ വിശ്വാസത്തിന്റെ ശക്തമായ പാലം പണിയേണ്ടതുണ്ട്. മുറിവുകൾ ഉണക്കുന്നതിനും ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനും തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു.
കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും ശാശ്വത സ്ഥിരത ഉറപ്പാക്കാനും എല്ലാ ഗ്രൂപ്പുകളും സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. മണിപ്പുരിലെ ജനങ്ങൾക്കുമുന്നിൽ തല കുനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മനോഹരമായ ഈ സ്ഥലത്തെ അക്രമം വിഴുങ്ങി. അക്രമം നിർഭാഗ്യകരമായിരുന്നു. കുടിയിറക്കപ്പെട്ട ആളുകളോടു സംസാരിച്ചു.
മണിപ്പുർ പുതിയൊരു പ്രഭാതത്തിലേക്കു നോക്കുകയാണെന്ന് പറയാൻ കഴിയും. മണിപ്പുരിൽ അനുരഞ്ജനത്തിനും വികസനത്തിനുമായി തന്റെ സർക്കാർ അക്ഷീണം പ്രവർത്തിക്കുന്നുണ്ടെന്നു മോദി പറഞ്ഞു. വീടു നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 7,000 പുതിയ വീടുകൾ നിർമിക്കാൻ സർക്കാർ സഹായിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
ദുരിതാശ്വാസ ക്യാന്പുകളിലുള്ളവരുടെ പുനരധിവാസത്തിന് 500 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ, മണിപ്പുരിലെ 280ലധികം ദുരിതാശ്വാസ ക്യാന്പുകളിൽ 27 മാസമായി കഴിയുന്ന 57,000 ആളുകളുടെ പുനരധിവാസത്തിന് ഈ തുക മതിയാകില്ല.
സമാധാനത്തിനും കലാപത്തിലെ ഇരകളുടെ പുനരധിവാസത്തിനും കൊലപാതകവും ബലാത്സംഗവും പോലുള്ള സംഭവങ്ങളിലെ ഇരകൾക്കു നീതിയും സുരക്ഷയും ഉറപ്പാക്കാൻ സമഗ്ര പദ്ധതികളൊന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചില്ലെന്ന് കുക്കി എംഎൽഎമാർ കുറ്റപ്പെടുത്തി.