എസ്ഐആർ: വിശദീകരണവുമായി തെരഞ്ഞെടുപ്പു കമ്മീഷൻ
Thursday, September 18, 2025 1:19 AM IST
ന്യൂഡൽഹി: മിക്ക സംസ്ഥാനങ്ങളിലെയും പകുതിയിലധികം വോട്ടർമാർക്ക് ഇനി നടപ്പിലാക്കാൻ പോകുന്ന വോട്ടർപട്ടികയിലെ പ്രത്യേക സമഗ്ര പരിഷ്കരണത്തിൽ (എസ്ഐആർ) രേഖകളൊന്നും നൽകേണ്ടിവരില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർ.
ഈ സംസ്ഥാനങ്ങളിൽ അവസാനമായി നടന്ന എസ്ഐആറിനുശേഷം പരിഷ്കരിച്ച വോട്ടർപട്ടികയിൽ ഇവരുടെ പേരുകൾ ഉൾപ്പെട്ടിട്ടുള്ളതിനാലാണിതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
മിക്ക സംസ്ഥാനങ്ങളിലും വോട്ടർപട്ടികയുടെ എസ്ഐആർ നടന്നത് 2002നും 2004നുമിടയിലായതിനാൽ അടുത്ത എസ്ഐആറിനുള്ള കട്ട് ഓഫ് തീയതിയായി അവസാന എസ്ഐആർ നടന്ന വർഷം പരിഗണിക്കും. രാജ്യവ്യാപകമായി എസ്ഐആർ നടത്തുന്നതിനുള്ള തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും സംസ്ഥാനങ്ങളിലുടനീളം വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വർഷാവസാനം മുന്പ് നടക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ തവണത്തെ എസ്ഐആറിനുശേഷം പരിഷ്കരിച്ച വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിനായി തയാറാക്കിവയ്ക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് ഇതിനോടകം നിർദേശം ലഭിച്ചിട്ടുണ്ട്.
കേരളം, ഉത്തരാഖണ്ഡ്, ഡൽഹി തുടങ്ങിയ ചില സംസ്ഥാനങ്ങൾ അവസാന എസ്ഐആറിനുശേഷം പരിഷ്കരിച്ച വോട്ടർപട്ടിക ഇതിനോടകം ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
കേരളത്തിൽ അവസാനമായി എസ്ഐആർ നടന്നതിനുശേഷം പ്രസിദ്ധീകരിച്ച വോട്ടർപട്ടികയെ അപേക്ഷിച്ച് 2025ലെ വോട്ടർപട്ടികയിൽ 53.25 ലക്ഷം വോട്ടർമാരാണ് കൂടുതലുള്ളത്. കേരളത്തിൽ ഇനി നടപ്പിലാക്കാൻ പോകുന്ന എസ്ഐആറിൽ ഇവരാണ് തങ്ങളുടെ ജനനം സാധൂകരിക്കുന്ന രേഖകൾ തെരഞ്ഞെടുപ്പു കമ്മീഷനു നൽകേണ്ടിവരിക.
2002ലെയും 2025ലെയും വോട്ടർപട്ടികകളിൽ പേരുള്ളവർ ഓണ്ലൈനായി എന്യുമറേഷൻ ഫോം മാത്രം പൂരിപ്പിച്ചാൽ മതിയെന്നും രേഖകൾ നൽകേണ്ടതില്ലെന്നും കമ്മീഷൻ നേരത്തേ വ്യക്തമാക്കിയിരുന്നു.