ആഗോള അയ്യപ്പ സംഗമം; ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി
Thursday, September 18, 2025 1:19 AM IST
ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകിയ കേരള ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി. സംഗമം നടത്തുന്നതിന് ഹൈക്കോടതി നിർദേശിച്ച വ്യവസ്ഥകൾ പാലിക്കണമെന്നും ഉത്തരവിൽ ഇടപെടുന്നില്ലെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനസർക്കാർ തീരുമാനിച്ച ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതു ചോദ്യം ചെയ്തു സമർപ്പിച്ച മൂന്ന് ഹർജികളിലാണ് സുപ്രീംകോടതി നടപടി.
നിരവധി ആളുകൾ പങ്കെടുക്കുന്ന സംഗമം പരിസ്ഥിതിലോല പ്രദേശത്താണു സംഘടിപ്പിക്കുന്നതെന്നും ഇതു പാരിസ്ഥിതിക പ്രശ്നത്തിനു കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ. കൂടാതെ ഒരു സംസ്ഥാനസർക്കാർ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് മതേതരത്വതത്വങ്ങളുടെ ലംഘനമെന്നും ഹർജിക്കാർ വാദിച്ചു.
എന്നാൽ വിഷയം ഹൈക്കോടതി വിശദമായി പരിഗണിച്ചുവെന്നും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും നിരീക്ഷിച്ച് ഹർജികൾ സുപ്രീംകോടതി തള്ളി.