അന്താരാഷ്ട്ര ജനാധിപത്യദിനത്തിൽ ബിജെപിക്കെതിരേ വിമർശനവുമായി ഖാർഗെ
Tuesday, September 16, 2025 1:51 AM IST
ന്യൂഡൽഹി: അന്താരാഷ്ട്ര ജനാധിപത്യദിനത്തിൽ ഭരണകക്ഷിയായ ബിജെപിക്കെതിരേ വിമർശനശരമെയ്ത് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ആർഎസ്എസും ബിജെപിയും കഴിഞ്ഞ 11 വർഷമായി രാജ്യത്തെ ജനാധിപത്യം തകർക്കാൻ ശ്രമിക്കുകയാണെന്ന്, ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പരിഷ്കരണവും (എസ്ഐആർ) രാഹുൽ ഗാന്ധിയുടെ "വോട്ട് കൊള്ള’ ആരോപണവും മന്ത്രിമാരെ പുറത്താക്കാനായി ഭരണപക്ഷം പാർലമെന്റിൽ അവതരിപ്പിച്ച ബില്ലും എടുത്തുപറഞ്ഞ് ഖാർഗെ ചൂണ്ടിക്കാട്ടി.
"പരിഷ്കരണം' എന്ന വ്യാജേന ഭരണഘടനയിൽ അടിസ്ഥാനമായ വോട്ടവകാശം ബിജെപി തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. എസ്ഐആർ നടപടിയിലൂടെയും രാഹുൽ തുറന്നുകാട്ടിയ "വോട്ട് കൊള്ള' യിലൂടെയും ബിജെപി ക്രമമായും തന്ത്രപരമായും തെരഞ്ഞെടുപ്പിന്റെ ആധികാരികത നശിപ്പിച്ചു.
ജയിലിലടയ്ക്കപ്പെട്ട മന്ത്രിമാരെ പുറത്താക്കാനായി കേന്ദ്രം കൊണ്ടുവന്ന 130-ാമത് ഭരണഘടനാ ഭേദഗതി ബില്ലിനെ "ട്രോജൻ കുതിര' എന്നാണു ഖാർഗെ വിശേഷിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസർക്കാരുകളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അഴിമതിക്കാർ എന്ന മുദ്രകുത്തി അട്ടിമറിക്കാൻ ബിൽ വഴിയൊരുക്കും. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെ 30 ദിവസത്തിനകം നിയമപരമായി ബുൾഡോസ് ചെയ്യാൻ കഴിയുമെങ്കിൽ എന്തിനാണ് തെരഞ്ഞെടുപ്പുകളെന്ന സന്ദേശമാണ് ബിൽ നൽകുന്നത്.
ആർഎസ്എസ്-ബിജെപി പിടിയിൽനിന്ന് നമ്മുടെ ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിക്കാമെന്ന പ്രതിജ്ഞ നമുക്ക് വീണ്ടും ഉറപ്പിക്കാമെന്ന് അന്താരാഷ്ട്ര ജനാധിപത്യദിനത്തിൽ ഖാർഗെ പറഞ്ഞു.