എഐ നിയന്ത്രിത കണ്ട്രോൾ റൂം ആശയം മുന്നോട്ടു വച്ച് സുപ്രീംകോടതി
Tuesday, September 16, 2025 1:51 AM IST
ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകൾ ഉദ്യോഗസ്ഥർ ഓഫാക്കുന്നത് തടയുന്നതിനും അനാവശ്യ ഇടപെടൽ ഒഴിവാക്കി സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നതിനും കണ്ട്രോൾ റൂം ആശയം മുന്നോട്ടുവച്ച് സുപ്രീംകോടതി.
മാനുഷിക ഇടപെടലുകൾക്കു പകരം നിർമിതബുദ്ധിയാൽ (എഐ) പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആയിരിക്കണമെന്നും കോടതി പറഞ്ഞു. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐ ടി) യുടെ സഹായം തേടുന്നതിനെക്കുറിച്ചു ചിന്തിക്കാവുന്നതാണെന്നും സ്വതന്ത്ര ഏജൻസിയുടെ സഹായത്തോടെ പോലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്താമെന്നും ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കേസിൽ ഐഐടിയെയും കക്ഷിചേർത്തു.
രാജ്യത്തെ പോലീസ് സ്റ്റേഷനുകളിലെ സിസിടിവികളുടെ പ്രവർത്തനം സംബന്ധിച്ചു സ്വമേധയാ എടുത്ത ഹർജിയിൽ വാദം കേൾക്കവെയാണു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യമുണ്ടെന്നും അതിനാൽ ഈമാസം 22 ന് വിധി പറയുമെന്നും കോടതി വ്യക്തമാക്കി.
പോലീസ് സ്റ്റേഷനിലെ മേൽനോട്ടമാണു പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നാണ് കോടതിയുടെ വിലയിരുത്തൽ. സിസിടിവികൾ പ്രവർത്തിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കോടതിയിൽ ഒരു അനുസരണ സത്യവാങ്മൂലം നൽകിയേക്കാം. എന്നാൽ അതുകൊണ്ട് പരിഹാരമാകുന്നില്ല. സത്യവാങ്മൂലം സമർപ്പിച്ചിട്ടും കാമറകൾ ഓഫ് ചെയ്യപ്പെടും. കസ്റ്റഡി മർദനങ്ങൾ ഉണ്ടാകും. അതിനാൽ മനുഷ്യ ഇടപെടലില്ലാത്ത കണ്ട്രോൾ റൂമിനെക്കുറിച്ചു കോടതി ചിന്തിക്കുന്നതായും ബെഞ്ച് ഇന്നലെ പറഞ്ഞു.
സിസിടിവി ദൃശ്യം പതിയാത്ത സ്ഥലങ്ങളിൽ ആളുകൾ പോലീസ് അതിക്രമം നേരിട്ടേക്കാമെന്ന വാദം കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസ് സ്റ്റേഷനുകൾക്കുപുറമെ മറ്റു കേന്ദ്ര അന്വേഷണ ഏജൻസികളും കാമറ ഓഫ് ചെയ്യാറുണ്ടെന്നും അവിടെ ആവശ്യമായ കാമറകളില്ലെന്നും അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.
എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ഉത്തരവ് 2020ലാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.
എന്നാൽ, ഈ ഉത്തരവ് പലയിടത്തും പാലിക്കപ്പെട്ടിട്ടില്ലെന്നും കാമറകൾ പലതും പ്രവർത്തനരഹിതമാണെന്ന കണ്ടെത്തലുണ്ടായിരുന്നു. തുടർന്ന് രാജസ്ഥാനിൽ കഴിഞ്ഞ എട്ടു മാസത്തിനിടെ 11 കസ്റ്റഡി മരണങ്ങൾ ഉണ്ടായെന്ന ഒരു മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കോടതി വിഷയത്തിൽ കഴിഞ്ഞദിവസം സ്വമേധയാ ഇടപെടൽ നടത്തിയത്.