അദാനി കന്പനിക്കെതിരായ ഉള്ളടക്കം; ഡിജിറ്റൽ വാർത്താ പ്രസാധകർക്കു കേന്ദ്രത്തിന്റെ നോട്ടീസ്
Thursday, September 18, 2025 1:18 AM IST
ന്യൂഡൽഹി: അദാനി എന്റർപ്രൈസസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് പ്രമുഖ ഡിജിറ്റൽ വാർത്താ പ്രസാധകർക്ക് കേന്ദ്ര വാർത്താ വിതരണ- പ്രക്ഷേപണ മന്ത്രാലയം നോട്ടീസയച്ചു.
അപകീർത്തികരമായ ഉള്ളടക്കങ്ങൾ അടങ്ങുന്ന വീഡിയോകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു യുട്യൂബിലെയും ഇൻസ്റ്റഗ്രാമിലെയും 13 ഡിജിറ്റൽ വാർത്താപ്രസാധകർക്കാണു കേന്ദ്രത്തിന്റെ നോട്ടീസ്.
ഈ ഉള്ളടക്കങ്ങൾ അഞ്ചു ദിവസത്തിനകം നീക്കം ചെയ്യണമെന്ന കഴിഞ്ഞ ആറിലെ കോടതി ഉത്തരവ് ഡിജിറ്റൽ വാർത്താപ്രസാധകർ പാലിച്ചില്ലെന്നു കണ്ടാണ് കേന്ദ്രത്തിന്റെ നീക്കം.
ധ്രുവ് റാഠി, ദ വയർ, എച്ച്ഡബ്ല്യു ന്യൂസ്, ആകാശ് ബാനർജിയുടെ ദേശ്ഭക്ത് തുടങ്ങിയ പ്രമുഖ ഡിജിറ്റൽ വാർത്താ പ്രസാധകർക്കാണു നോട്ടീസ്. 138 യുട്യൂബ് ലിങ്കുകളും 83 ഇൻസ്റ്റഗ്രാം പോസ്റ്റുകളുമാണ് ഇവരോടു നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
36 മണിക്കൂറിനുള്ളിൽ പ്രസ്തുത ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും അതിന്റെ തെളിവ് സമർപ്പിക്കാനുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിനെതിരേ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് കോടതിയിൽ പരാതി നൽകിയിരുന്നു.