മോദിയുടെയും അമ്മയുടെയും വീഡിയോ നീക്കം ചെയ്യണമെന്ന് കോൺഗ്രസിനോട് പാറ്റ്ന ഹൈക്കോടതി
Thursday, September 18, 2025 1:18 AM IST
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ അന്തരിച്ച അമ്മയുടെയും എഐ നിർമിത വീഡിയോ സോഷ്യൽമീഡിയ പേജിൽനിന്ന് ഉടൻ നീക്കം ചെയ്യണമെന്നു കോൺഗ്രസിനോട് പാറ്റ്ന ഹൈക്കോടതി.
അഭിഭാഷകനായ വിവേകാനന്ദ സിംഗ് നല്കിയ പരാതിയിൽ ആക്ടിംഗ് ചീഫ് ജസ്റ്റീസ് പി.ബി. ബജാന്ത്രിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 36 സെക്കൻഡുള്ള വീഡിയോ ആണു നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബർ പത്തിനാണ് ബിഹാർ കോൺഗ്രസ് വീഡിയോ പുറത്തുവിട്ടത്. നരേന്ദ്ര മോദിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്ന അമ്മ ഹീരാ ബെൻ, രാഷ്ട്രീയതാത്പര്യത്തിന് തന്റെ പേര് ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയോട് ഉപദേശിക്കുന്നതും മോദി ഞെട്ടിയുണരുന്നതുമാണ് എഐ വീഡിയോയിലുള്ളത്. വീഡിയോയ്ക്കെതിരേ ബിജെപി വ്യാപക വിമർശനം നടത്തിയിരുന്നു.