മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയം; അന്താരാഷ്ട്രസംഘത്തെ നിയമിക്കണമെന്ന് ഹർജി
Thursday, September 18, 2025 1:18 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആയുസ് പഠിക്കാനും നിർണയിക്കാനും അണക്കെട്ട് എന്നു ഡീക്കമ്മീഷൻ ചെയ്യണമെന്നു നിശ്ചയിക്കുന്നതിനും അന്താരാഷ്ട്ര ഡാം സുരക്ഷാസംഘത്തെ നിയമിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി. സേവ് കേരളം ബ്രിഗേഡ് എന്ന സംഘടനയാണു കോടതിയെ സമീപിച്ചത്.
അണക്കെട്ടിന്റെ ബലക്ഷയം വിലയിരുത്തുന്നതിന് അന്താരാഷ്ട്ര വിദഗ്ധസമിതിയെ നിയമിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം സുപ്രീംകോടതിതന്നെ നേരത്തേ ഉന്നയിച്ചതാണ്. എന്നാൽ ഈ നിർദേശത്തെ പിന്തുണയ്ക്കാൻ കേരള സർക്കാർ പരാജയപ്പെട്ടെന്നും മറ്റു കക്ഷികൾ മൗനം പാലിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഭൂകന്പസാധ്യതയുള്ള പ്രദേശത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഈ മേഖലയിൽ റിക്ടർ സ്കെയിലിൽ 7 വരെ തീവ്രതയുള്ള ഭൂകന്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അണക്കെട്ടിൽ 136 അടി ജലനിരപ്പിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രതയും രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായാൽ അതു തകരുമെന്ന് ഐഐഐ റൂർക്കിയുടെ പഠനമുണ്ട്.
ശാസ്ത്രീയപഠനം നടത്താതെയാണ് അണക്കെട്ടിനു ബലക്ഷയമില്ലെന്ന് പറയുന്നത്. ഇതെല്ലാം കണക്കിലെടുത്ത് ഒരു കോടിയോളം ജനങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം കണക്കിലെടുത്ത് ഡീകമ്മീഷൻ ചെയ്യാനുള്ള ഉത്തരവ് ഉണ്ടാകണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.