പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു: ചീഫ് ജസ്റ്റീസ് ഗവായ്
Friday, September 19, 2025 1:45 AM IST
ന്യൂഡൽഹി: ക്ഷേത്രത്തിൽ വിഷ്ണുവിഗ്രഹം സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ “പോയി ദൈവത്തോടു പ്രാർഥിക്ക്”എന്ന പരാമർശം നടത്തിയതിനെതിരായ വിമർശനങ്ങൾക്കെതിരേ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് രംഗത്ത്.
താൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്നും യഥാർഥ മതേതരത്വത്തിൽ വിശ്വസിക്കുന്നുവെന്നും പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. ചീഫ് ജസ്റ്റീസിന്റെ കഴിഞ്ഞദിവസത്തെ പരാമർശം സമൂഹമാധ്യമങ്ങളിൽ വിവാദങ്ങൾക്ക് തിരി കൊളുത്തിയതിനു പിന്നാലെയാണ് വിശദീകരണവുമായി ഗവായ് രംഗത്തെത്തിയത്.
യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെട്ട മധ്യപ്രദേശിലെ ജാവറി ക്ഷേത്രത്തിൽ ഏഴടി ഉയരമുള്ള വിഷ്ണു വിഗ്രഹം സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണു കഴിഞ്ഞദിവസം ചീഫ് ജസ്റ്റീസിനു മുന്പാകെ എത്തിയത്.
പൂർണമായും പബ്ലിസിറ്റി ലക്ഷ്യമിട്ടുള്ള ഹർജിയാണിതെന്നും ദൈവത്തോടുതന്നെ എന്തെങ്കിലും ചെയ്യാൻ പറയാനും വിഷ്ണുവിന്റെ ഉറച്ച ഭക്തനാണെങ്കിൽ പ്രാർഥിച്ച് ഒരു പരിഹാരമുണ്ടാക്കാനുമായിരുന്നു ഹർജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റീസ് പറഞ്ഞത്.