മോദിയുടെ നയതന്ത്രത്തിനേറ്റ തിരിച്ചടിയെന്ന് കോണ്‍ഗ്രസ്
Friday, September 19, 2025 1:45 AM IST
ന്യൂഡൽഹി: സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിലെ പ്രതിരോധക്കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വളരെയധികം കൊട്ടിഘോഷിക്കപ്പെട്ട വ്യക്തിനിഷ്ഠമായ നയതന്ത്രത്തിനേറ്റ തിരിച്ചടിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്.
കരാറിൽ കോണ്‍ഗ്രസിന് ആശങ്കയുണ്ട്. പാക് സൈനികമേധാവി അസിം മുനീറിനെ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ച് ഒരു മാസത്തിനുശേഷം അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നിന് ക്ഷണിച്ചുവെന്നത് മോദിയുടെ നയതന്ത്രത്തിനേറ്റ തിരിച്ചടികൾ സാധൂകരിക്കുന്നതിനായി ജയ്റാം എക്സിൽ പറഞ്ഞു.
മോദിയുടെ ചൈനാ സന്ദർശനത്തിന് ദിവസങ്ങൾക്കുശേഷം മാത്രം പ്രസിഡന്റ് ഷി ജിൻ പിംഗ് ചൈനയുടെ രഹസ്യ സൈനികസമുച്ചയം പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്കു തുറന്നുനൽകി. ഇപ്പോഴാകട്ടെ പഹൽഗാം ഭീകരാക്രമണസമയത്തു മോദി സന്ദർശനം നടത്തുകയായിരുന്ന സൗദി അറേബ്യ പാക്കിസ്ഥാനുമായി തന്ത്രപ്രധാനമായ സൈനിക കരാറിലേർപ്പെട്ടിരിക്കുകയാണെന്നും ദേശീയസുരക്ഷയിൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.