ധർമസ്ഥലയിൽ വീണ്ടും തലയോട്ടികൾ
Friday, September 19, 2025 1:45 AM IST
മംഗളൂരു: ധർമസ്ഥല വനത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ വീണ്ടും നടത്തിയ പരിശോധനയിൽ ബംഗ്ലെഗുഡെ ഭാഗത്തുനിന്ന് ഏഴു തലയോട്ടികളും അസ്ഥികളും കണ്ടെത്തി. ഏഴു വർഷം മുമ്പ് കുടകിൽനിന്നു കാണാതായ അയ്യപ്പ എന്ന ആളിന്റെ തിരിച്ചറിയൽ കാർഡും ഇതോടൊപ്പം കണ്ടെത്തി.
വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യ കോടതിയിൽ ഹാജരാക്കിയ തലയോട്ടി ലഭിച്ചത് ബംഗ്ലെഗുഡെയിൽനിന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
നേരത്തേ ഈ സ്ഥലത്ത് ചിന്നയ്യ മൃതദേഹം കുഴിച്ചിടുന്നതു കണ്ടിരുന്നതായി പ്രദേശവാസികളായ രണ്ടു പേർ അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു. ഈ സ്ഥലത്ത് തലയോട്ടികളും അസ്ഥികളും ഉള്ളതായി നേരത്തേ കൊല്ലപ്പെട്ട സൗജന്യയുടെ ബന്ധുവായ വിട്ടൽ ഗൗഡയും വെളിപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം വീണ്ടും വനത്തിലെത്തി പരിശോധന നടത്തിയത്. രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണു വനത്തിനുള്ളിൽ അങ്ങിങ്ങായി ചിതറിക്കിടന്ന തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്. ഒരു ഊന്നുവടി ഉൾപ്പെടെ മറ്റു ചില വസ്തുക്കളും കണ്ടെടുത്തു.
ഏഴുവർഷം മുമ്പ് മൈസൂരിലേക്കാണെന്നു പറഞ്ഞാണ് അയ്യപ്പ വീട്ടിൽനിന്നു പോയതെന്നു ബന്ധുക്കൾ വെളിപ്പെടുത്തി. കുടക് ജില്ലയിലെ കുട്ട പോലീസ് സ്റ്റേഷനിൽ ആ സമയത്തുതന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇദ്ദേഹം എങ്ങനെയാണു ധർമസ്ഥലയിൽ എത്തിപ്പെട്ടതെന്നു വ്യക്തമല്ല.