പലസ്തീൻ ബാലന്റെ കഥ ഇസ്രയേലിലെ മികച്ച സിനിമ; അക്കാഡമിയുടെ ഫണ്ട് വെട്ടുമെന്ന് മന്ത്രി
Thursday, September 18, 2025 11:44 PM IST
ടെൽ അവീവ്: പലസ്തീൻ ബാലന്റെ കഥയ്ക്ക് ഇസ്രയേലിലെ പരമോന്നത സിനിമാ പുരസ്കാരമായ ഒഫീർ അവാർഡ്. ഇതിനു പിന്നാലെ, പുരസ്കാരം നല്കുന്ന ഇസ്രേലി അക്കാഡമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷനുള്ള ഫണ്ട് വെട്ടുമെന്ന് സാംസ്കാരിക മന്ത്രി അറിയിച്ചു.
കടൽ കാണാനായി വെസ്റ്റ് ബാങ്കിൽനിന്ന് ടെൽ അവീവിലേക്കു സാഹസികയാത്ര നടത്തുന്ന ഖാലിദ് എന്ന പന്ത്രണ്ടുകാരന്റെ കഥ പറയുന്ന ‘ദ സീ’ എന്ന ചിത്രമാണു വ്യാഴാഴ്ച നടന്ന അവാർഡ് മേളയിൽ ഇസ്രയേലിന്റെ ഓസ്കർ എന്നറിയപ്പെടുന്ന ഓഫീർ പുരസ്കാരം നേടിയത്. ഖാലിദിനെ അവതരിപ്പിച്ച പതിമൂന്നുകാരൻ മുഹമ്മദ് ഖസാവി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത ഓസ്കർ പുരസ്കാരത്തിന് ഇസ്രയേലിൽനിന്നുള്ള എൻട്രി ഈ സിനിമയായിരിക്കും.
എന്നാൽ, അവാർഡ് മേള ഇസ്രേലി ജനതയുടെ മുഖത്തടിക്കുന്നതിനു തുല്യമായിരുന്നുവെന്ന് ഇസ്രേലി സാംസ്കാരിക മന്ത്രി മിക്കി സൊഹാർ പ്രതികരിച്ചു. ധീരന്മാരായ ഇസ്രേലി സൈനികരുടെ മുഖത്തു തുപ്പുന്ന ഇത്തരം പരിപാടികൾക്കു നികുതിപ്പണം ചെലവഴിക്കാൻ താൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സമാധാനത്തിൽ ജീവിക്കാൻ ഓരോ കുട്ടിക്കുമുള്ള അവകാശത്തെക്കുറിച്ചാണ് ഈ സിനിയമെന്നു പ്രൊഡ്യൂസർ ബാഹർ അഗ്ബാറിയ പറഞ്ഞു. ഗാസയിലെ നാശത്തിനിടെ പ്രതീക്ഷ നല്കുന്ന സിനിമയാണിതെന്ന് അക്കാഡമി ചെയർമാൻ അസാഫ് അമീറും പറഞ്ഞു.