ഇന്ത്യൻ കോൺസുലേറ്റ് ഉപരോധിക്കുമെന്ന് ഖലിസ്ഥാൻ സംഘടന
Wednesday, September 17, 2025 10:54 PM IST
ഒട്ടാവ: കാനഡയിലെ വാൻകൂവറിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ഇന്ന് ഉപരോധിക്കുമെന്ന് അമേരിക്കയിലെ ഖലിസ്ഥാൻ സംഘടനയായ സിക്ക്സ് ഫോർ ജസ്റ്റീസ്. ഖലിസ്ഥാൻ വാദികളെ നിരീക്ഷിക്കാനുള്ള ചാരശൃംഖല കോൺസുലേറ്റിൽ പ്രവർത്തിക്കുന്നു എന്നാരോപിച്ചാണിത്.
കാനഡയിലെ പുതിയ ഇന്ത്യൻ ഹൈകമ്മീഷണർ ദിനിഷ് പട്നായിക് ആണ് തങ്ങളുടെ ലക്ഷ്യമെന്നു വ്യക്തമാക്കുന്ന ചിത്രവും സംഘടന പുറത്തുവിട്ടു. ഇന്ന് കോൺസുലേറ്റ് സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ അതു നീട്ടിവയ്ക്കണം എന്നും ഭീഷണി മുഴക്കിയിട്ടുണ്ട്.
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ വധത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഇന്ത്യ-കാനഡ ബന്ധം അടുത്തകാലത്ത് മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഖലിസ്ഥാൻ സംഘടന കോൺസുലേറ്റ് ഉപരോധവുമായി രംഗത്തുവന്നിരിക്കുന്നത്.