വെനസ്വേലൻ മയക്കുമരുന്നു കപ്പലിനെ തകർത്തെന്ന് ട്രംപ്
Tuesday, September 16, 2025 11:36 PM IST
ന്യൂയോർക്ക്: അമേരിക്ക ലക്ഷ്യമാക്കി സഞ്ചരിക്കുകയായിരുന്ന, വെനസ്വേലയിൽനിന്നുള്ള മയക്കുമരുന്ന് കപ്പലിനെ സൈന്യം തകർത്തതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എറ്റുമുട്ടലിൽ സംഘത്തിലെ മൂന്ന് പേരെ യുഎസ് സൈന്യം കൊലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
യുഎസ് അതിക്രമത്തിനെതിരേ രാജ്യം ചെറുത്തുനിൽക്കുമെന്നും അമേരിക്കയുടെ മുതിർന്ന നയതന്ത്രജ്ഞൻ മാർക്കോ റൂബിയോ മരണത്തിന്റെയും യുദ്ധത്തിന്റെയും അധിപനാണെന്നും അടുത്തിടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളോസ് മഡുറോ പറഞ്ഞിരുന്നു.
മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധം മൂലം മഡുറോ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്ന് റൂബിയോയും ആരോപിച്ചിരുന്നു.
യുഎസിന്റെ സുരക്ഷയെ ബാധിക്കുന്ന നാർക്കോ ഭീകരരെ തകർത്തു എന്ന് ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. കടലിൽവച്ച് ഒരു കപ്പൽ പൊട്ടിത്തെറിക്കുന്ന വീഡിയോയും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.