ഗാസയിൽ നടക്കുന്നത് വംശഹത്യ ; യുഎൻ അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ
Tuesday, September 16, 2025 11:36 PM IST
ന്യൂയോർക്ക്: ഗാസയിൽ പലസ്തീനികളെ ഇസ്രയേൽ വംശഹത്യ നടത്തിയതായി യുണൈറ്റഡ് നേഷൻസ് അന്വേഷണ കമ്മീഷൻ. 2023ൽ ഹമാസിനെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേൽ നടത്തിയത് വംശഹത്യയാണെന്നാണു കമ്മീഷന്റെ കണ്ടെത്തൽ.
അന്താരാഷ്ട്ര നിയമപ്രകാരം വംശഹത്യയായി നിർവചിച്ചിരിക്കുന്ന അഞ്ചു കാര്യങ്ങളിൽ നാല് എണ്ണവും ഇസ്രയേൽ പലസ്തീനിൽ നടപ്പാക്കിയതായി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.
ഒരു സമൂഹത്തിലെ അംഗങ്ങളെ കൊല്ലുക, അവർക്ക് ഗുരുതരമായ ശാരീരികവും മാനസികവുമായ ഉപദ്രവം വരുത്തുക, ഈ സമൂഹത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാഹചര്യങ്ങൾ മനഃപൂർവം സൃഷ്ടിക്കുക, പുതിയ തലമുറയുണ്ടാകുന്നതു തടയുക തുടങ്ങിയവയാണ് ഇസ്രയേൽ പലസ്തീനിൽ ചെയ്തതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, റിപ്പോർട്ട് വളച്ചൊടിച്ചതും വ്യാജവുമാണെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഹമാസിന്റെ പ്രതിനിധികളെന്ന നിലയ്ക്കാണു കമ്മീഷനിലെ മൂന്നു വിദഗ്ധരും പ്രവർത്തിച്ചതെന്നും ഇസ്രയേൽ ആരോപിച്ചു.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങൾ നടന്നോ എന്നന്വേഷിക്കുന്നതിനായി 2021ൽ യുഎൻ മനുഷ്യാവകാശ കൗൺസിൽ അധിനിവേശ പലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ സ്ഥാപിച്ചു.
റുവാണ്ടയിലെ വംശഹത്യയെക്കുറിച്ചുള്ള അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ പ്രസിഡന്റും ദക്ഷിണാഫ്രിക്കൻ മുൻ യുഎൻ മനുഷ്യാവകാശ മേധാവിയുമായ നവി പിള്ളയാണുമൂന്നംഗ വിദഗ്ധ സമിതിയുടെ അധ്യക്ഷ.
ഓസ്ട്രേലിയൻ മനുഷ്യാവകാശപ്രവർത്തകനായ അഭിഭാഷകൻ ക്രിസ് സിഡോട്ടി, പാർപ്പിടത്തിനും ഭൂമിക്കും വേണ്ടിയുള്ള അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഇന്ത്യക്കാരനായ മിലൂൺ കോത്താരി എന്നിവരാണ് മറ്റു രണ്ട് അംഗങ്ങൾ.
രണ്ടു വർഷത്തോളമായി തുടുന്ന യുദ്ധത്തിൽ ഇതുവരെ 64,905 പലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യമന്ത്രാലയം പറയുന്നു. ഗാസയിലെ ഭൂരിപക്ഷം പേരും നിരന്തരം ആട്ടിയോടിക്കപ്പെട്ടു.
ആരോഗ്യം, വെള്ളം, ശുചിത്വ സംവിധാനങ്ങൾ എന്നിവ തകർന്നു. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യസുരക്ഷാ വിഭാഗം ഗാസയിൽ ക്ഷാമം പിടിപെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു. ഗാസയിലെ 90 ശതമാനം വീടുകളും പൂർണമായോ ഭാഗികമായോ തകർത്തു.