നേപ്പാൾ കലാപം: കൊല്ലപ്പെട്ടവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തി
Tuesday, September 16, 2025 11:36 PM IST
കാഠ്മണ്ഡു: നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തി.
നാലു മൃതദേഹങ്ങൾ കാഠ്മണ്ഡുവിലെ പശുപതി ആര്യഘട്ടിലാണു സംസ്കരിച്ചത്. ഊർജമന്ത്രി കുൽമാൻ ഗീഷിംഗ്, ആഭ്യന്തരമന്ത്രി ഓം പ്രകാശ് ആര്യൽ എന്നിവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.
മഹാരാജ്ഗഞ്ചിലെ ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിംഗ് ആശുപത്രിയിൽനിന്നാരംഭിച്ച വിലാപയാത്രയിൽ നൂറുകണക്കിനു പേർ പങ്കെടുത്തു. ആറ് മൃതദേഹങ്ങൾ വിവിധ പ്രദേശങ്ങളിൽ സംസ്കരിച്ചു. മറ്റു മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം കുടുംബാംഗങ്ങൾക്കു വിട്ടുനല്‍കി.
കലാപത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുമെന്നു പ്രധാനമന്ത്രി സുശീല കർക്കി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 15 ലക്ഷം നേപ്പാൾ രൂപ വീതം നല്‍കും.
കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഇന്ന് നേപ്പാളിൽ പൊതു അവധി പ്രഖ്യാപിച്ചു. മൂന്നു പോലീസുകാർ ഉൾപ്പെടെ 72 പേരാണു കൊല്ലപ്പെട്ടത്. ജെൻ സി പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു.