ട്രംപിന് ചുവപ്പു പരവതാനി വിരിച്ച് ബ്രിട്ടൻ
Wednesday, September 17, 2025 10:54 PM IST
ലണ്ടൻ: യുഎസ് പ്രസിഡന്റ് ട്രംപിനു ചുവപ്പു പരവതാനി വിരിച്ച് ബ്രിട്ടൻ. ബ്രിട്ടീഷ് രാജകുംടുംബത്തിന്റെ കടുത്ത ആരാധകനായ ട്രംപിനു ഗൺസല്യൂട്ടും കുതിരവണ്ടിയിൽ എഴുന്നള്ളിപ്പും നല്കിയാണ് ചാൾസ് രാജാവ് സ്വീകരിച്ചത്. രാജാവിന്റെ ക്ഷണപ്രകാരമുള്ള സ്റ്റേറ്റ് വിസിറ്റിനാണു ട്രംപും പത്നി മെലാനിയയും ബ്രിട്ടനിലെത്തിയത്.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആസ്ഥാനമായ വിൻഡ്സർ കോട്ടയിലെത്തിയ ട്രംപും മെലാനിയയും ചാൾസുമായും പത്നി കാമില്ലയുമായും കൂടിക്കാഴ്ച നടത്തി. 1,300 സൈനികർ നിരയായി നിന്ന പാതയിലൂടെയാണു നാലു പേരും കുതിരവണ്ടികളിൽ എഴുന്നള്ളിയത്.
രാജകുടുംബത്തോടുള്ള ആരാധന മുതലെടുത്ത് ട്രംപിൽനിന്നു വാണിജ്യാനുകൂല്യങ്ങൾ നേടിയെടുക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ മോഹിക്കുന്നതായി റിപ്പോർട്ടുണ്ട്. സാന്പത്തിക സഹകരണവും ശതകോടിക്കണക്കിനു ഡോളറിന്റെ നിക്ഷേപവുമാണു സ്റ്റാർമർ പ്രതീക്ഷിക്കുന്നത്.
ട്രംപിന്റെ സന്ദർശനത്തിനോടനുബന്ധിച്ച് അമേരിക്കൻ ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, എൻവീഡിയ, ഗൂഗിൾ, ഓപ്പൺ എഐ തുടങ്ങിയ കന്പനികൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ബ്രിട്ടനിൽ 4200 കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ തീരുമാനിച്ചുകഴിഞ്ഞു.
അടിസ്ഥാനപരമായി വ്യാപാരചർച്ചകൾക്കായിട്ടാണു ബ്രിട്ടൻ സന്ദർശിക്കുന്നതെന്നു ട്രംപ് പറഞ്ഞു. താരിഫുകളുമായി ബന്ധപ്പെട്ട് കുറച്ചുകൂടി നല്ല കരാർ ഉണ്ടാക്കാൻ ബ്രിട്ടനു താത്പര്യമുണ്ടെന്നും ഇക്കാര്യം ചർച്ച ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഒരു യുഎസ് പ്രസിഡന്റ് ബ്രിട്ടനിൽ രണ്ടു തവണ സ്റ്റേറ്റ് വിസിറ്റ് നടത്തുന്നത് ഇതാദ്യമാണ്. 2019ലായിരുന്നു ട്രംപിന്റെ ആദ്യ സന്ദർശനം.
വിൻഡ്സർ കാസിലിൽ ട്രംപ്-എപ്സ്റ്റീൻ ഫോട്ടോ പ്രൊജക്റ്റ് ചെയ്തവർ അറസ്റ്റിൽ
ലണ്ടൻ: ജയിലിൽ മരിച്ച ബാലപീഡകൻ ജഫ്രി എപ്സ്റ്റീനൊപ്പം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിൽക്കുന്ന ചിത്രം വിൻഡ്സർ കോട്ടയിൽ പ്രൊജക്റ്റ് ചെയ്ത സംഭവത്തിൽ നാലു പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു.
ട്രംപിന്റെ ബ്രിട്ടീഷ് പര്യടനത്തോടനുബന്ധിച്ചുള്ള ഈ പ്രതിഷേധത്തിനു പിന്നിൽ ‘ഡോങ്കീസ്’ എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പ് ആയിരുന്നു.
ഒരുകാലത്ത് ട്രംപും എപ്സ്റ്റീനും തമ്മിൽ വലിയ അടുപ്പത്തിലായിരുന്നു. പീഡനക്കേസുകൾ ഉയരുന്നതിനു മുന്പേ എപ്സ്റ്റീനുമായുള്ള ബന്ധം അവസാനിച്ചുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
എപ്സ്റ്റീനെ 2019 ഓഗസ്റ്റിൽ ന്യൂയോർക്കിലെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.