പാലിയേക്കരയിലെ ടോള്‍പിരിവ്: വിലക്ക് നീട്ടി
Wednesday, September 17, 2025 1:37 AM IST
കൊച്ചി: പാലിയേക്കരയിലെ ടോള്‍പിരിവിനുള്ള വിലക്ക് ഹൈക്കോടതി നാളെ വരെ നീട്ടി. ദേശീയപാതയില്‍ മണ്ണുത്തി-ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച വിഷയത്തില്‍ വിശദ റിപ്പോര്‍ട്ട് നല്കാന് തൃശൂര്‍ ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിലക്ക് നീട്ടിയത്.
ഗതാഗതക്കുരുക്കും ടോള്‍പിരിവും സംബന്ധിച്ച് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, ഒ.ജെ. ജനീഷ് തുടങ്ങിയവര്‍ നല്കിയ ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.
പ്രശ്നപരിഹാരത്തിനായി കളക്ടര്‍ നല്കിയ നിര്‍ദേശങ്ങളെല്ലാം പാലിച്ചെന്നു ദേശീയപാത അഥോറിറ്റി അറിയിച്ചതിനെത്തുടര്‍ന്ന് കളക്ടര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡിവിഷന് ബെഞ്ചില്‍ നല്‍കിയിരുന്നു.
റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ചില നിര്‍ദേശങ്ങളില്‍ ദേശീയപാതാ അഥോറിറ്റി സ്വീകരിച്ച നടപടി സംബന്ധിച്ച് കളക്ടറില്‍നിന്ന് വ്യക്തത തേടി. പൊതുതാത്പര്യം സംരക്ഷിക്കാനാണു ശ്രമിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കളക്ടറുടെ നിര്‍ദേശങ്ങള്‍ പാലിച്ച് ദേശീയപാതാ അഥോറിറ്റിയെടുത്ത നടപടി സംബന്ധിച്ച് രേഖാമൂലം റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു.