സൗജന്യ ചികിത്സാ പദ്ധതി: രോഗികൾ ഉപകരണങ്ങൾ വാങ്ങിനൽകുന്നതു നയവിരുദ്ധം: മന്ത്രി വീണാ ജോർജ്
Wednesday, September 17, 2025 1:36 AM IST
തിരുവനന്തപുരം : സൗജന്യ ചികിത്സാപദ്ധതിയിലുൾപ്പെട്ട രോഗികൾ സ്വന്തം ചെലവിൽ ഉപകരണങ്ങൾ വാങ്ങി നൽകുന്നതു സർക്കാർ നയങ്ങൾക്ക് വിരുദ്ധമാണെന്നു മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഇതു ഗൗരവമായി തന്നെ കാണും.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഫ്ലെക്സിസ്കോപ്പി എന്ന ഉപകരണം വാങ്ങി നൽകിയതായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇനി ഇങ്ങനെ ഫ്ലെക്സിസ്കോപ്പ് വാങ്ങേണ്ട ആവശ്യമുണ്ടായാൽ വകുപ്പു മെഡിക്കൽ കോളജ് അധികൃതരെ നിർബന്ധമായും അറിയിക്കണമെന്ന് ഇതുസംബന്ധിച്ചു നൽകിയ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാരിന്റെ കാലത്തുമാത്രം തിരുവനന്തപുരം മെഡിക്കൽ കോളജിൽ കാസ്പ് പദ്ധതി പ്രകാരം 373.36 കോടിയുടെ സൗജന്യ ചികിത്സ നൽകി. 81.82 കോടിയുടെ മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കി. 2011-16 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്തു മെഡിക്കൽ കോളജിനായി 15.64 കോടിയാണു ചെലവിട്ടത്. എന്നാൽ 2016-21 ലെ എൽഡിഎഫ് സർക്കാർ 41.84 കോടി രൂപ ചെലവിട്ടു. ഈ സർക്കാർ നാലു വർഷം കൊണ്ട് 80.66 കോടിയുടെയും ഉപകരണങ്ങൾ വാങ്ങിനൽകി.
യൂറോളജി വകുപ്പിനായി യുഡിഎഫ് സർക്കാർ 26 ലക്ഷം രൂപ ചെലവിട്ടപ്പോൾ 2018- 22 വരെയുള്ള നാലുവർഷ കാലയളവിൽ 1.43 കോടി രൂപയാണ് ഇടതു സർക്കാർ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.
അവയവ മാഫിയ സംഘത്തിന്റെ സാന്നിധ്യം
സംസ്ഥാനത്തു നിയമവിധേയമല്ലാത്ത അവയവ ദാനം തടയാൻ പോലീസ് നടത്തിയ പരിശോധനയിൽ രാജ്യാന്തര അവയവ മാഫിയ സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്നും വീണാ ജോർജ് പറഞ്ഞു.
നെടുന്പാശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതി ഒഴികെ മൂന്നു പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. ഒന്നാം പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണം എൻഐഎക്കു കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സൗജന്യ ചികിത്സയ്ക്കായി 7808 കോടി രൂപ സർക്കാർ ചെലവഴിച്ചു
ഈ സർക്കാർ നാലു വർഷം കൊണ്ട് 25.17 ലക്ഷം പേർക്കായി 7808 കോടി രൂപ സൗജന്യ ചികിത്സയ്ക്കായി ചെലവഴിച്ചെന്നു മന്ത്രി വീണാ ജോർജ്. 2015-16 ൽ 114 കോടിയാണ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി വഴി നൽകിയത്. 2024-25ൽ മാത്രം 1498.50 കോടി രൂപ നൽകി.
2021 ൽ സൗജന്യ ചികിത്സയ്ക്കായി 2.5 ലക്ഷം രൂപ ചെലവഴിച്ചു. ഒരു വർഷം സൗജന്യ ചികിത്സയ്ക്കായി 650 മുതൽ 700 കോടി രൂപ വരെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ചെലവിടുന്നുണ്ട്.
ഡയാലിസിസിനു സർക്കാർ ആശുപത്രികൾക്കു പുറത്താണെങ്കിൽ 1500 രൂപ മുതൽ 2000 രൂപ വരെയാകും. ഒൻപതു വർഷം മുന്പ് 12 ഡയാലിസിസ് സെന്ററുകളാണ് ഉണ്ടായിരുന്നത്. ഇന്നു സംസ്ഥാനത്തു താലൂക്ക് ആശുപത്രികളിലടക്കം 112 ഡയാലിസിസ് സെന്ററുകളുണ്ടെന്നും മന്ത്രി പറഞ്ഞു.