കാലിക്കട്ട് മുൻ വിസിക്കെതിരായ പരാതിയിൽ ഗവർണറുടെ ഹിയറിംഗ്
Wednesday, September 17, 2025 1:36 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് യൂണിവേഴ്സിറ്റി ഫണ്ട് ദുരുപയോഗം ചെയ്തതായുള്ള പരാതിയിൽ ചാൻസലറായ ഗവർണറുടെ ഹിയറിംഗ്.
വൈസ് ചാൻസലർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത രീതി തെറ്റാണെന്ന് വ്യക്തമാക്കി ഡോ. എം.കെ. ജയരാജിനെ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസി സ്ഥാനത്തുനിന്നു നീക്കിയിരുന്നു.
ഇതിനെതിരേ ഡോ. എം.കെ. ജയരാജ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനു വക്കീൽ ഫീസായി യൂണിവേഴ്സിറ്റി ഫണ്ട് വിനിയോഗിച്ചു എന്നാണ് പരാതി. ചാൻസലർക്കെതിരേ കേസ് ഫയൽ ചെയ്യാൻ സർവകലാശാല ഫണ്ട് ഉപയോഗിക്കരുതെന്ന് ചാൻസലർ യൂണിവേഴ്സിറ്റിക്കു നിർദേശം നൽകിയിരുന്നു. ഇത് പരിഗണിക്കാതെ അഞ്ച് ലക്ഷത്തോളം രൂപ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ജയരാജ് വക്കീൽ ഫീസായി നൽകിയെന്നാണ് പരാതി.