മുട്ടത്തു വർക്കിയുടെ സ്വർണപതക്കം മലയാള സർവകലാശാലയ്ക്ക് ഇന്ന് സമ്മാനിക്കും
Tuesday, September 16, 2025 1:51 AM IST
തിരൂർ: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റും ദീപിക പത്രാധിപ സമിതി അംഗവുമായിരുന്ന മുട്ടത്തു വർക്കിക്കു ലഭിച്ച സാഹിത്യതാരം സ്വർണ പതക്കം തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകാശാലയ്ക്ക് ഇന്നു സമർപ്പിക്കും.
മുട്ടത്തു വർക്കിയുടെ ‘പാടാത്ത പൈങ്കിളി’ എന്ന നോവലിന് ലഭിച്ച ക്രിസ്ത്യൻ റൈറ്റേഴ്സ് ആൻഡ് ജേർണലിസ്റ്റ് പുരസ്കാരത്തിന്റെ (1968) സ്വർണപതക്കമാണ് മലയാള സർവകലാശാലയിലെ രംഗശാലയിൽ ‘ജനപ്രിയ സാഹിത്യത്തിന്റെ മാനങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചാ സമ്മേളനത്തിൽ സമർപ്പിക്കുന്നത്. മലയാളത്തിൽ ജനപ്രിയ നോവൽ ശാഖയ്ക്ക് തുടക്കം കുറിച്ച പാടാത്ത പൈങ്കിളിക്കുള്ള അംഗീകാരമായിരുന്നു ഈ സാഹിത്യതാരം അവാർഡ്.
9.27 ഗ്രാം തൂക്കമുള്ള സുവർണ സ്മാരകമാണിത്. പാടാത്ത പൈങ്കിളി എഴുപതാം വാർഷികം പ്രമാണിച്ച് ദീപിക പ്രസിദ്ധീകരിച്ച വാർഷിക പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്യും. ദീപിക വാരാന്ത്യപതിപ്പിലാണ് പാടാത്ത പൈങ്കിളി ആദ്യമായി പ്രസിദ്ധീകരിച്ചത്.
ഇന്ന് രാവിലെ പത്തിനാരംഭിക്കുന്ന പരിപാടി വയലാർ അവാർഡ് ജേതാവും എഴുത്തുകാരനുമായ വി.ജെ. ജയിംസ് ഉദ്ഘാടനം ചെയ്യും. മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് അധ്യക്ഷത വഹിക്കും.
എഴുത്തുകാരൻ കെ.പി. രാമനുണ്ണി സമർപ്പണ സന്ദേശം വായിക്കും. എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ അഡ്വ. രതീദേവി പ്രഭാഷണം നടത്തും. ജനപ്രിയ സാഹിത്യത്തിന്റെ വിവിധ മാനങ്ങൾ എന്ന വിഷയത്തിൽ പ്രഫ. എ.ജി. ഒലീന, ഡോ.കെ.എം. അനിൽ, ഡോ. ആൻസി ഭായ് എന്നിവർ സംസാരിക്കും.
മുട്ടത്തു വർക്കിയുടെ മരുമകൾ അന്ന മുട്ടത്തിന്റെ ‘ഓർമയുടെ ഈണങ്ങൾ’ എന്ന പുസ്കത്തിന്റെ പ്രകാശനം ജോയ് വള്ളുവനാടൻ (ശാസ്ത്രജ്ഞൻ, ഐഎസ്ആർഒ, സംവിധായകൻ) നിർവഹിക്കും. തുടർന്ന് പാടാത്ത പൈങ്കിളി എഴുപതാം വാർഷിക പതിപ്പ് പ്രകാശനം എഴുത്തുകാരൻ കെ.പി. രാമനുണ്ണി നിർവഹിക്കും. ദീപിക, വാർഷിക പതിപ്പ് എഡിറ്റർ-ഇൻ-ചാർജ് ജോസ് ആൻഡ്രൂസ് പതിപ്പ് പരിചയപ്പെടുത്തും.
മുട്ടത്തു വർക്കിയുടെ രണ്ടാമത്തെ മകൻ ജോസഫിന്റെ ഭാര്യ അന്നയ്ക്കാണ് പതക്കം നൽകിയത്. ദക്ഷിണേഷ്യൻ ഭാഷകൾ പഠിപ്പിക്കുന്ന ഏതെങ്കിലും ഒരു സർവകലാശാലയ്ക്ക് ഇതു നൽകാനായിരുന്നു അമേരിക്കയിൽ വർഷങ്ങളായി താമസിക്കുന്ന അന്ന മുട്ടത്തിന് താല്പര്യം.
അമേരിക്കയിലുണ്ടായിരുന്ന എഴുത്തുകാരിയും മനുഷ്യവകാശ പ്രവർത്തകയുമായ അഡ്വ. രതീദേവിയോട് ഇക്കാര്യം അന്ന പറഞ്ഞിരുന്നു. മലപ്പുറം ജില്ലയിലെ തിരൂരിലുള്ള മലയാള സർവകലാശാലയ്ക്ക് സ്വർണപതക്കം നൽകുന്നത് ഉചിതമാകുമെന്ന് രതീദേവി അഭിപ്രായപ്പെട്ടു.
അന്ന അത് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ മേയിൽ ഇരുവരും നാട്ടിലെത്തി സർവകലാശാലയ്ക്ക് സമർപ്പിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ അന്നയ്ക്കുണ്ടായ ശാരീരിക പ്രയാസം മൂലം യാത്ര അസാധ്യമായി.
ന്യൂയോർക്കിലെ വസതിയിലെത്തി അഡ്വ. രതീദേവി സ്വർണപതക്കം ഏറ്റുവാങ്ങിയിരുന്നു. ഇന്ന് നടക്കുന്ന ചടങ്ങിൽ അന്ന മുട്ടത്തിന് വേണ്ടി അഡ്വ. രതീദേവിയാണ് സുവർണ സ്മാരകം സവർകലാശാലയ്ക്ക് സമർപ്പിക്കുന്നത്. ചടങ്ങിൽ അന്ന മുട്ടത്തിന്റെ ശബ്ദസന്ദേശം കേള്പ്പിക്കും.
റോയ് പി. തോമസ് സംവിധാനം ചെയ്ത മുട്ടത്തു വർക്കിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനവും നടക്കും. തുടർന്ന് മലയാള സർവകലാശാലയിലെ മികച്ച സാഹിത്യരചന നടത്തിയ വിദ്യാർഥിക്കുള്ള മുട്ടത്ത് വർക്കി ഗ്ലോബൽ ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരം (5000 രൂപയും പ്രശസ്തി പത്രവും) കൈമാറും.
ചടങ്ങിൽ ഡോ. സി. ഗണേഷ്, അഡ്വ. ബെന്നി തോമസ്, ബിജു ശശികുമാർ, ഡോ. സി.ബി. ജയൻ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ഡോ. ലീൻ തോബിയാസ്, പ്രഫ. ജയലക്ഷ്മി, എൻ.ബി. ലതാദേവി, ഡോ. ജി. സജിന, അശോക് ഡിക്രൂസ്, അനിൽ പെണ്ണൂക്കര, കെ.പി.ഒ. റഹ്മത്തുള്ള, എം. ശ്യാം ശങ്കർ, ഡോ. ധന്യ, ഡോ.കെ.എം. ഭരതൻ എന്നിവർ പ്രസംഗിക്കും.