നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് വിലങ്ങണിയിച്ച സംഭവം; കെഎസ്യു മാർച്ചിൽ സംഘർഷം
Tuesday, September 16, 2025 1:51 AM IST
തിരുവനന്തപുരം: തൃശൂരിൽ വിദ്യാർഥി സംഘർഷത്തിന്റെ പേരിൽ കെഎസ്യു ജില്ലാ ഭാരവാഹികളെ കറുത്ത മുഖം മൂടി ധരിപ്പിച്ചും വിലങ്ങണിയിപ്പിച്ചും കോടതിയിൽ ഹാജരാക്കിയതിൽ പ്രതിഷേധിച്ച് കെഎസ്യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം.
അഞ്ച് തവണ പ്രവർത്തകർക്ക് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാൻ തയാറാകാത്ത പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടന്നു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, ജില്ലാ ഭാരവാഹികളായ ബൈജു കാസ്ട്രോ, നിഹാൽ പി.എം കെ, യൂണിവേഴ്സിറ്റി സെനറ്റ് മെംബർ മുഹമ്മദ് ഷിനാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യ്തു മാറ്റി.
ഉച്ചയ്ക്ക് കെപിസിസി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് മാനവീയം വീഥിക്കു സമീപം പോലീസ് തടഞ്ഞു. തുടർന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മാർച്ച് ഉദ്ഘാടനം ചെയ്യ്തു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ അനന്തകൃഷ്ണൻ, അച്ചു സത്യദാസ് തുടങ്ങിയവർ പ്രസംഗിച്ചു.