ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഉടന്‍ തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി
Tuesday, September 16, 2025 1:51 AM IST
കൊച്ചി: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളില്നിന്ന് ഇളക്കിമാറ്റി ചെന്നൈയിലേക്കു കൊണ്ടുപോയ സ്വര്‍ണപ്പാളികളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഉടന്‍ തിരികെ കൊണ്ടുവരണമെന്നു ഹൈക്കോടതി.
ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കു കൊണ്ടുപോയ 12 സ്വര്‍ണപ്പാളികളില്‍ നാലെണ്ണത്തിലെ സ്വര്‍ണം അറ്റകുറ്റപ്പണിക്കായി ഉരുക്കിയെന്നും ഇതിന്റെ ജോലികള്‍ തുടരാന്‍ അനുവദിക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അനുമതി നല്‍കിയത്.
1999ല്‍ സ്ഥാപിച്ച സ്വര്‍ണ ആവരണത്തിന്റെ വിവരങ്ങളടങ്ങിയ രേഖകള്‍ പിടിച്ചെടുത്തു ഹാജരാക്കാന്‍ ദേവസ്വം വിജിലന്‍സ് ഓഫീസര്‍ക്കു കോടതി നിര്‍ദേശം നല്കി. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് സൂപ്രണ്ട് ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചപ്പോള്‍ 1999 മുതല്‍ ശില്പങ്ങള്ക്കു സ്വര്ണാവരണമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും 2019ല്‍ സ്വര്‍ണം പൂശാനായി ചെമ്പുപാളികള്‍ കൈമാറിയപ്പോള്‍ നിലവിലുണ്ടായിരുന്ന സ്വര്‍ണം എന്തു ചെയ്തുവെന്ന് പറയുന്നില്ലെന്നും കോടതി വിലയിരുത്തി. തുടര്‍ന്നാണ് എല്ലാ രേഖകളും ഹാജരാക്കാന്‍ ജസ്റ്റീസുമാരായ വി. രാജവിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.
2019ല്‍ ശില്പങ്ങളിലെ ചെമ്പ് പ്ലേറ്റുകള്‍ അഴിച്ചെടുത്ത് കൈമാറിയതു സംബന്ധിച്ച മഹസറില്‍ നിലവുണ്ടായിരുന്ന സ്വര്‍ണത്തെക്കുറിച്ച് ഒന്നും പറയാത്തത് അസ്വാഭിവകമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലും ദ്വാരകപാലക ശില്പത്തെക്കുറിച്ചും അന്വേഷണം ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.