സൈബർ ആക്രമണത്തിൽ ശക്തമായ നടപടി വേണം: കെപിസിസി നേതൃയോഗം
Tuesday, September 16, 2025 1:51 AM IST
തിരുവനന്തപുരം: കോണ്ഗ്രസ് നേതാക്കൾക്കുനേരേ നടക്കുന്ന സൈബർ ആക്രമണത്തിൽ പാർട്ടി ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെപിസിസി നേതൃയോഗം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർക്കു നേരേ സൈബർ ആക്രമണം വ്യാപകമായതിനു പിന്നാലെയാണ് നേതൃയോഗത്തിൽ ഇത്തരമൊരു ആവശ്യമുയർന്നത്.
കോണ്ഗ്രസ് നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ പാർട്ടിയുടെ ഡിജിറ്റൽ മീഡിയ സെല്ലിന് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നു. ഇതിനായി കെപിസിസി ഭാരവാഹികളായ എം. ലിജു, വി.ടി. ബൽറാം, പഴകുളം മധു, പി.എം. നിയാസ്, ദീപ്തി മേരി വർഗീസ് എന്നിവരടങ്ങിയ കമ്മിറ്റിയെ നിയോഗിച്ചു.
വയനാട്ടിലെ കോണ്ഗ്രസ് നേരിടുന്ന പ്രതിസന്ധികൾ, ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ എന്നിവ നേതൃയോഗത്തിൽ ചർച്ച ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് വ്യക്തത കുറവെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. എന്നാൽ, ഇന്നലെ രാഹുൽ സഭയിൽ വന്നതിനെക്കുറിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടായില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ തിരക്കിനിടയിൽ വോട്ടർപട്ടിക പരിഷ്കരണം നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ ശ്രമിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നു യോഗം വിലയിരുത്തി. വോട്ടർ പട്ടികയിലെ ക്രമക്കേടും ജനാധിപത്യം അട്ടിമറിക്കാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെയും ബിജെപിയുടെയും ഗൂഢാലോചനയും തുറന്നുകാട്ടുന്നതിനായി ഒക്ടോബർ ആദ്യവാരം കോണ്ഗ്രസിന്റെ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ജനാധിപത്യ സംരക്ഷണ സദസ് സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ഡിസിസി നേതൃയോഗങ്ങൾ 20നുള്ളിൽ പൂർത്തിയാക്കും. മണ്ഡല അവലോകനയോഗം 20, 21, 22 തീയതികളിൽ നടക്കും.