വഖഫ് നിയമഭേദഗതി ഭരണഘടനാവിരുദ്ധമെന്ന കോണ്‍ഗ്രസ് വാദം തകർന്നു: രാജീവ് ചന്ദ്രശേഖർ
Tuesday, September 16, 2025 1:51 AM IST
തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ഭരണഘടനാവിരുദ്ധമെന്ന കോണ്‍ഗ്രസ് വാദം സുപ്രീംകോടതി വിധിയോടെ തകർന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുനന്പം ജനത ഉൾപ്പെടെ ആയിരക്കണക്കിനു പേർ നേരിടുന്ന വഖഫ് അധിനിവേശ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് വഖഫ് നിയമഭേദഗതി കേന്ദ്രസർക്കാർ കൊണ്ടുവന്നത്.
മുനന്പം ജനതയ്ക്ക് ബിജെപി കൊടുത്ത വാക്ക് ഇതോടുകൂടി യാഥാർഥ്യമാകുകയാണ്. വഖഫ് കൈയേറ്റത്തിന്റെ പേരിൽ ഭീഷണി നേരിടുന്നവർക്കും യഥാർഥ വഖഫ് ഭൂമിക്കും ഒരേപോലെ ഗുണം ചെയ്തതാണ് നിയമഭേദഗതിയും ഇപ്പോഴുണ്ടായ സുപ്രീംകോടതിയുടെ ഇടപെടലും.
എന്നാൽ മുനന്പം ജനതയ്ക്ക് ഉൾപ്പെടെ നീതി ലഭിക്കേണ്ട നിയമഭേദഗതിയെ പ്രീണന വോട്ടുബാങ്ക് രാഷ്ട്രീയം കാരണം കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും അന്ധമായി എതിർക്കുകയാണ്. മുനന്പം ജനതയെ പോലെ സ്വന്തം മണ്ണിനായി പോരാടുന്നവർക്ക് ഒപ്പം നിന്ന് നിയമഭേദഗതിയെ അംഗീകരിക്കാൻ പ്രതിപക്ഷ പാർട്ടികൾ തയാറാവണമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.